തിരുവനന്തപുരം
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ ഷോപ്പിങ് കോംപ്ലക്സുകളിൽ അഞ്ച് ശതമാനം കടമുറികൾ ഇനി സ്ത്രീകൾക്ക്. തദ്ദേശസ്ഥാപന ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഇത് ബാധകമാണ്. 10 ശതമാനം പട്ടികജാതി- പട്ടിക വർഗക്കാർക്കും മൂന്ന് ശതമാനം വികലാംഗർക്കും നീക്കിവയ്ക്കാൻ നിലവിൽ വ്യവസ്ഥയുണ്ട്. ഇതിന് പുറമേയാണ് വനിതാ സംവരണം. രാജ്യത്ത് ആദ്യമാണ് പ്രാദേശിക സർക്കാർ ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികളിൽ ഇത്തരത്തിൽ സംവരണം ഏർപ്പെടുത്തുന്നത്.
അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാമ്പത്തികമായി സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ടുള്ള ഇടപെടലുകളുടെ ഭാഗമായാണിതെന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിങ് കോംപ്ലക്സുകളിൽ, ഒഴിവ് വരുന്ന ക്രമത്തിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണം. കുടുംബശ്രീ ഓക്സിലറി യൂണിറ്റുകൾക്കാവണം മുൻഗണന. സ്ത്രീകളുടെ പേരിൽ കട വാടകയ്ക്ക് എടുത്ത് മറ്റുള്ളവർ കച്ചവടം നടത്തുന്നില്ലെന്നും ഉറപ്പുവരുത്തണം.