കൊച്ചി
ബംഗളൂരു––കൊച്ചി വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയൽ കൊച്ചിയിൽ നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജീവ് നിർദേശം മുന്നോട്ടുവച്ചത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനുകീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡും ദേശീയ വ്യവസായ ഇടനാഴി വികസന കോർപറേഷനും ചേർന്നാണ് “ഭാവിയിലേക്കായി നിക്ഷേപിക്കാം’ എന്ന പേരിൽ നിക്ഷേപകരുടെ സമ്മേളനം സംഘടിപ്പിച്ചത്.
കേരളം ചെറിയ സംസ്ഥാനമാണെങ്കിലും ഒരു വലിയ മെട്രോ നഗരം പോലെയാണ്. തിരുവനന്തപുരത്തെ പുതിയ വികസന പ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യ വികസനവും കണക്കിലെടുക്കുമ്പോൾ ബംഗളൂരു–—കൊച്ചി വ്യവസായ ഇടനാഴി അവിടേക്കുകൂടി നീട്ടേണ്ടത് അനിവാര്യമാണെന്ന് പീയുഷ് ഗോയലിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതായി രാജീവ് പറഞ്ഞു. ഭൂമിയുടെ ലഭ്യത ഇക്കാര്യത്തിൽ ഗൗരവത്തിൽ എടുക്കേണ്ടതുണ്ടെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശം മതിയായ ഭൂമിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വ്യവസായിക വളർച്ചയിൽ നിക്ഷേപകർക്കുള്ള താൽപ്പര്യം അറിയാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പീയുഷ് ഗോയൽ പറഞ്ഞു. ഡിപിഐഐടി ജോയിന്റ് സെക്രട്ടറി രാജേന്ദ്ര രത്നൂ, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, സുമൻ ബില്ല, അഭിഷേക് ചൗധരി എന്നിവർ സംസാരിച്ചു.