കൊച്ചി
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ നിർണായക തെളിവായ രണ്ട് മൊബൈൽ ഫോൺ കണ്ടെത്താൻ കടുത്ത നടപടിയുമായി പൊലീസ്. എട്ടാംപ്രതി നടൻ ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് ടി എൻ സുരാജും ഉപയോഗിച്ച ഫോണുകൾ കണ്ടെത്താനാണ് നീക്കം. അനൂപും സുരാജും നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്ത ഈ ഫോണുകൾ കണ്ടെത്താൻ ദിലീപിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ പരിശോധിക്കും.
ഫോണുകൾ ഹാജരാക്കാൻ അനൂപിനും സുരാജിനും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. 2017ൽ ദിലീപ് ജയിലിലായപ്പോൾ, സാക്ഷികളെ സ്വാധീനിക്കാൻ സുരാജ് ഉപയോഗിച്ച ഫോൺ ആണ് ഇതിലൊന്ന്. അനൂപിന്റെ ഫോൺ ദിലീപ് ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം പല തവണ ഉപയോഗിച്ചിരുന്നു. അനൂപും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പൊലീസ് സംശയിക്കുന്നു. സംവിധായകൻ ബാലചന്ദ്രകുമാറും ദിലീപും തമ്മിലുള്ള സംഭാഷണങ്ങളും ചാറ്റുകളും ഇതിലുണ്ട്.
ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും സുരാജിനെയും അനൂപിനെയും ഉടൻ ചോദ്യംചെയ്യും. ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയായിരിക്കും ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും പ്രത്യേക മാസ്റ്റർ പ്ലാനും തയ്യാറാക്കിയാണ് തുടരന്വേഷണം പുരോഗമിക്കുന്നത്.