തിരുവനന്തപുരം> ആരോഗ്യമന്ത്രി വീണാ ജോർജിന് കോവിഡാണെന്ന് മാധ്യമങ്ങളിൽ വ്യാജപ്രചരണം. തിങ്കൾ നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവാണെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിപ്പിൽ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസമായി മന്ത്രിക്ക് പനിയുണ്ടായിരുന്നു. രണ്ട് തവണ ആർടിപിസിആർ പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു. നിജസ്ഥിതി അന്വേഷിക്കാതെയാണ് ചില മാധ്യമങ്ങളിൽ മന്ത്രിക്ക് കോവിഡെന്ന് വാർത്ത വന്നത്. വാർത്തയുടെ സാഹചര്യത്തിലാണ് തിങ്കൾ വീണ്ടും പരിശോധന നടത്തിയത്. കോവിഡ്, ഡെങ്കി നെഗറ്റീവാണ്. പകർച്ചപ്പനിയാകാനാണ് സാധ്യതയെന്ന് ഡോക്ടർമാർ അറിയിച്ചതായും മന്ത്രി അറിയിച്ചു.
“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാർത്ത തെറ്റാണ്. തെറ്റായ വാർത്ത മറ്റുള്ളവർക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത്. ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. ‘ഡെങ്കി’ യും നെഗറ്റീവ്. വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു. അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി”- മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.