പാലക്കാട്> പാലക്കാട് ജില്ലയിൽ രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലയിൽ രണ്ടിടങ്ങളിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മെയ് അവസാനം മണ്ണാർക്കാട് അലനല്ലൂർ, ലെക്കിടി പേരൂർ എന്നിവിങ്ങളിലുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
മണ്ണാർക്കാട് അലനല്ലൂരിൽ വിവാഹ പാർടിയിൽ ഭക്ഷണം കഴിച്ചയാൾക്കും ലെക്കിടി പേരൂരിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പത്തുവയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതിൽ നിന്നാണ് രോഗം സ്ഥിരീകരിച്ചത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധിക്യതർ അറിയിച്ചു.
മലിന ജലം, കേടായ ഭക്ഷണം, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗമുള്ള കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർമുണ്ടായാൽ എളുപ്പത്തിൽ വ്യാപിക്കും.