തൃപ്പൂണിത്തുറ > പാലം നിർമാണസ്ഥലത്തെ കുഴിയിൽവീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിലെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിലാണ് നടപടി. പാലം നിർമാണവിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എൻജിനിയർ റജീന ബീവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പീയുസ്, അസിസ്റ്റന്റ് എൻജിനിയർ വിനീത വർഗീസ്, ഓവർസിയർ സുമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ്ചെയ്തത്. ഓവർസിയർ ഇരുമ്പനം വേലിക്കകത്ത് സുമേഷ്, കരാറുകാരൻ മൂവാറ്റുപുഴ സ്വദേശി പാണ്ടപ്പിള്ളി വർക്കിച്ചൻ എന്നിവരെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു. അനാസ്ഥമൂലമുള്ള മരണത്തിന് ഉത്തരവാദിയായതിനും ജോലിയിലെ അശ്രദ്ധക്കുമാണ് അറസ്റ്റ്. ഇതേ വകുപ്പുകൾ പ്രകാരം അസി. എൻജിനിയർ വിനീത വർഗീസിനെതിരെയും കേസെടുത്തു.
|
സംഭവം അറിഞ്ഞയുടൻ ചീഫ് എൻജിനിയറോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു. തുടർന്നാണ് കേസെടുക്കാൻ കലക്ടറോട് ആവശ്യപ്പെട്ടത്.
ബൈക്കിനുപിന്നിലിരുന്ന_എരൂർ വടക്കേ വൈമീതി വാലത്ത്_മാധവന്റെ മകൻ വിഷ്ണുവാണ്(26) മരിച്ചത്. ഉദയംപേരൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ വെള്ളി പുലർച്ചെ രണ്ടിനാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന ആദർശിന് ഗുരുതര പരിക്കേറ്റിരുന്നു. റോഡ് തടസ്സപ്പെടുത്താതെയായിരുന്നു നിർമാണപ്രവർത്തനം. മുന്നറിയിപ്പ് ബോർഡുമുണ്ടായിരുന്നില്ല.
ഇതുസംബന്ധിച്ച് പാലംനിർമാണം ആരംഭിച്ചതുമുതൽ വിവാദം ഉയർന്നിരുന്നു. പഴയപാലം പൊളിച്ചയുടൻ അപ്രോച്ച് റോഡ് ഇടിഞ്ഞതും കരാറുകാരന്റെ അനാസ്ഥയാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
പിന്നീട് നഗരസഭാ അധ്യക്ഷയുടെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥയോഗം ഇത് പരിഹരിക്കാൻ തീരുമാനിച്ചു. പാലം വീതികൂട്ടി ഒരുഭാഗം _നടപ്പാതയോടെ നിർമിക്കാനായിരുന്നു പദ്ധതി._മെയ് 31നകം നിർമാണം പൂർത്തിയാക്കുമെന്നും പറഞ്ഞു. എന്നാൽ, പാലംപണി നീണ്ടു.















