കൊച്ചി
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിൽ രണ്ടുപേരുടെ ശബ്ദസാമ്പിളിന്റെ ഫോറൻസിക് പരിശോധനാഫലം നിർണായകമാകും. ഒന്നാംപ്രതി പൾസർ സുനി, ദിലീപിന്റെ സഹോദരീ ഭർത്താവ് ടി എൻ സുരാജ് എന്നിവരുടെ ശബ്ദസാമ്പിൾ പരിശോധനാഫലമാണ് നിർണായകമാകുക. തുടരന്വേഷണത്തിന് സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യമുള്ളത്. വീണ്ടെടുത്ത വീഡിയോ, ഓഡിയോ ക്ലിപ്പുകൾ, ഫോട്ടോകൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന തുടരുകയാണ്.
ദിലീപിന് പൾസർ സുനി ജയിലിൽനിന്നയച്ച കത്തിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ലഭിക്കാനുണ്ട്. ഈ കത്ത് 2018 മെയ് ഏഴിന് സുഹൃത്ത് സജിത് വഴിയാണ് പൾസർ സുനി കൊടുത്തുവിട്ടത്. കത്തിലെ കൈയക്ഷര പരിശോധനാഫലവും നിർണായകമാകും. 11 ഫോൺ നമ്പരുകളുടെ കോൾ വിവരം അന്വേഷകസംഘം സേവനദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിർണായക വിവരങ്ങളടങ്ങിയ രണ്ട് മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുത്തിട്ടില്ല. എട്ടാം പ്രതി നടൻ ദിലീപും സഹോദരീ ഭർത്താവ് സുരാജും ഉപയോഗിച്ച മൊബൈൽ ഫോണുകളാണിവ. ഇത് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു.
കൂടുതൽ സാക്ഷിമൊഴികൾ വരുംദിവസങ്ങളിൽ രേഖപ്പെടുത്തും.















