കൊടുങ്ങല്ലൂർ> മൂത്തുപഴുത്ത പഴങ്ങൾ കൊത്തിത്തിന്ന് ചിറകടിച്ച് പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങൾ സാഗര സൗന്ദര്യത്തിൽ ലയിക്കുന്നു. കാടും തിരയുമിളകുന്ന സുന്ദര ചലനത്തിൽ സഞ്ചാരികളുടെ മനം നിറയുന്നു. കടൽത്തീരത്ത് മിയോ വാക്കി കാട് വളർന്നു പടരുകയാണ്. കടപ്പുറത്തൊരു പച്ചക്കുടപോലെ ഔഷധമരങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ ‘മിയാവാക്കി കാടാണ്’ സാഗര സൗന്ദര്യത്തിനൊപ്പം സഞ്ചാരികൾക്ക് വന ചാരുതയും സമ്മാനിക്കുന്നത്.
അഴീക്കോട് മുസിരീസ് ബീച്ചിലാണ് മിയോവാക്കി കാടുള്ളത്. ബീച്ചിലെ കായലിനോടും കടലിനോടും ചേർന്നാണ് കറുക, പുളി, മാവ്, ഞാവൽ, ഇലഞ്ഞി, അത്തി, പ്ലാവ്, ആര്യവേപ്പ് തുടങ്ങി 100 ഇനങ്ങളിൽപ്പെട്ട 3250 വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചത്. ഇവ സ്വാഭാവിക വനമായി വളർന്നിരിക്കുന്നു. ഔഷധച്ചെടികളെ തഴുകിയെത്തുന്ന കാറ്റ് സഞ്ചാരികൾക്ക് ഉന്മേഷം പകരുന്നു പലതരം പക്ഷികൾ കാടണയുന്നു. മുസിരിസ് പൈതൃക പദ്ധതിയിൽപ്പെടുത്തി ബീച്ചിന്റെ സൗന്ദര്യവൽക്കരണം നടക്കുന്നതിനൊപ്പമാണ് വനവും നട്ടുപിടിപ്പിച്ചത്. ചതുരശ്രമീറ്ററിൽ ഒരു മീറ്റർ ആഴത്തിൽ മണ്ണ് മാറ്റി അതിൽ കൽപ്പൊടി, ചാണകം, ജൈവവളം, ചകിരിച്ചോറ് വളം നിറച്ച് നടുവിൽ ഒരു വൃക്ഷത്തൈയും അതിന് ചുറ്റും നാല് വൃക്ഷത്തൈകൾ വീതവുമാണ് നട്ടത്. ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്.
വനം പരിപാലിക്കുന്നതിനായി പ്രത്യേക ചുമതലയുമുണ്ട്. ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ അകീര മിയോവാക്കി വിഭാവനംചെയ്ത മിയോവാക്കി കാട് സംസ്ഥാന ഇന്നവേഷൻ കൗൺസിലാണ് ഒരുക്കിയത്. കേരളത്തിലെ വിശാല കടൽത്തീരമായ അഴീക്കോട് മുനയ്ക്കൽ മുസിരീസ് ബീച്ച് കോടികൾ ചെലവിട്ട് സൗന്ദര്യവൽക്കരിച്ചതോടെ ഇവിടേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. ഇവർക്കിനി കടലിനൊപ്പം കാടും കണ്ട് മടങ്ങാം.