ആലപ്പുഴ> ജില്ലയിലെ വീടുകളിൽ സെപ്തംബർ അവസാനത്തോടെ ഗെയ്ൽ പ്രകൃതിവാതകമെത്തും. ചേർത്തല തങ്കിക്കവലയിൽ സ്ഥാപിക്കുന്ന സംഭരണസ്റ്റേഷന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് പ്രകൃതിവാതകം ഗുണഭോക്താക്കളിൽ എത്തിക്കുകയാണ് നിർവഹണചുമതലയുള്ള എ ജി ആൻഡ് പി കമ്പനി ലക്ഷ്യമിടുന്നത്. സ്റ്റേഷനിൽനിന്ന് കലവൂർവരെ 35 കിലോമീറ്ററിൽ ഹൈപ്രഷർ പൈപ്പിടൽ പൂർത്തിയായി.
വയലാർ പഞ്ചായത്തിലും ചേർത്തല നഗരസഭാ പ്രദേശത്തുമാണ് ജില്ലയിൽ ആദ്യമായി ഗാർഹിക കണക്ഷൻ നൽകുന്നത്. ഇവിടെ 4000 ഗാർഹിക കണക്ഷനാണ് നൽകുക. പ്രദേശത്തെ വീടുകളിൽ പ്ലമ്പിങ്, മീറ്റർ സ്ഥാപിക്കൽ ജോലികളും പുരോഗമിക്കുകയാണ്. 200 ബാർ വാതകം കടത്തിവിടാവുന്ന ഹൈപ്രഷർ പൈപ്പിടലാണ് പുരോഗമിക്കുന്നത്. വാഹന സിലിണ്ടറിലും വീടുകളിലേക്കും ആവശ്യമുള്ള വാതകം മീഡിയം, ലോ പ്രഷർ പൈപ്പിലേക്കും മാറ്റും. മീഡിയം പ്രഷറിൽ 19ഉം ലോപ്രഷറിൽ നാല് ബാറും വാതകം പ്രവഹിക്കും. ഗാർഹികകണക്ഷന് 110 മില്ലിബാർ വാതകമാണ് വേണ്ടത്.
സംഭരണകേന്ദ്രം
ജൂലൈ അവസാനം
പൂർത്തിയാകും
വടക്കൻമേഖലകളിലേക്ക് വിതരണത്തിനാവശ്യമായ സംഭരണശേഷിയും പ്ലാന്റിനുണ്ട്. ജൂലൈ അവസാനത്തോടെ സംഭരണകേന്ദ്രം പൂർത്തിയാകും. കളമശേരിയിൽനിന്ന് ദ്രവരൂപത്തിലുള്ള ഇന്ധനം വാഹനത്തിൽ സംഭരണകേന്ദ്രത്തിൽ എത്തിച്ച് വാതകമാക്കുമ്പോൾ 600 ഇരട്ടിയാകും. ദേശീയപാത അതോറിറ്റിയുടെ അനുമതി വൈകുന്നതാണ് കളമശേരിയിൽനിന്ന് ചേർത്തലയിലേക്കുള്ള പൈപ്പിടൽ വൈകുന്നത്. തങ്കിക്കവലയിലെ സ്റ്റേഷൻ പരിധിയിൽ 25 കിലോമീറ്ററിൽ മാത്രം 1,30,000 കണക്ഷൻവരെ നൽകാനാകും.
ഗാർഹിക കണക്ഷനും പുറമേ കൊമേഴ്സ്യൽ, ഇൻഡസ്ട്രിയൽ മേഖലയിലും പ്രകൃതിവാതകം നൽകും. ഓട്ടോകാസ്റ്റ്, കെഎസ്ഡിപി തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങൾക്കും നൽകും. പ്രാഥമികഘട്ടത്തിൽ തിരുവനന്തപുരം കൊച്ചുവേളിയിലും സംഭരണസ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നു.