പൊന്നാനി> സർപ്പക്കാവും കുളവും അതിനോടുചേർന്ന് പന്തലിച്ചുകിടക്കുന്ന മരങ്ങളും മുകുന്ദന് വിശ്വാസത്തിന്റെ ഭാഗംമാത്രമല്ല, തന്റെ ജീവൻകൂടിയാണ്. പാരമ്പര്യമായി കിട്ടിയ കാവും കുളവും ചെറുതും വലുതുമായ പലയിനം മരങ്ങളും പ്രാണവായുപോലെ സംരക്ഷിക്കാൻ പൊന്നാനി കറുകത്തിരുത്തി സ്വദേശി വരടിക്കാട്ട് കളരിക്കൽ മുകുന്ദൻ തയ്യാറാകുന്നതും അതുകൊണ്ടുതന്നെ.
വീടിനോടുചേർന്ന 27 സെന്റ് സ്ഥലം നൂറിലധികം മരങ്ങൾകൊണ്ട് സമ്പന്നം. ഒപ്പം കാവും കുളവും. കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടുമ്പോൾ ജൈവവൈവിധ്യങ്ങളുടെ സംരക്ഷണംകൂടിയാണ് നിറവേറ്റപ്പെടുന്നതെന്നും മരങ്ങൾ നട്ടുവളർത്തുന്നത് പ്രകൃതിയോടുള്ള കരുതലാണെന്നും ഇദ്ദേഹം പറയുന്നു.
നീരിട്ടി, പൂമരം, എരിഞ്ഞി ഉൾപ്പെടെ നിരവധി മരങ്ങളാണ് കാവിനോടും കുളത്തിനോടും ചേർന്ന് കൊച്ചുവനംപോലെ പടർന്നുനിൽക്കുന്നത്. കൈയിൽ ഏത് മരത്തൈകൾ കിട്ടിയാലും കാവിനോടുചേർന്ന് നട്ടുവളർത്തും. ഇക്കാലത്തിനിടയിൽ ഒരു മരംപോലും മുറിച്ചുമാറ്റിയിട്ടില്ല.
തലമുറകൾ പിന്നിട്ടാലും ഈ കാവും കുളവും മരങ്ങളും ഇതുപോലെ സംരക്ഷിക്കണമെന്നാണ് മുകുന്ദന്റെ ആഗ്രഹം. കൃഷിയാണ് ഈ 70കാരന്റെ പ്രധാന ജീവിതമാർഗം. സഹായത്തിനായി ഭാര്യ രാധയും ഒപ്പമുണ്ട്.
നഗരസഭയുടെ
റോയൽറ്റി
നെൽവയൽ, കുളം, കാവ്, കണ്ടൽക്കാട് എന്നിവ സംരക്ഷിക്കുന്നവർക്ക് നഗരസഭ വാർഷിക അവകാശധനം നൽകുന്ന ഗ്രീൻ റോയൽറ്റി പദ്ധതിയിലും മുകുന്ദൻ ഇടംനേടി. 50 സെന്റിനുതാഴെ നെൽവയലുകൾ സംരക്ഷിക്കുന്നവർക്ക് 1000 രൂപയും 50 സെന്റിനുമുകളിൽ നെൽവയൽ ഉള്ളവർക്ക് 2000 രൂപയും സ്വകാര്യ ഭൂമിയിൽ കുളം സംരക്ഷിക്കുന്ന ഭൂവുടുമകൾക്ക് 2000 രൂപയും കാവും കണ്ടൽക്കാടുകളും സംരക്ഷിക്കുന്നവർക്ക് 1000 രൂപയുമാണ് നഗരസഭ നൽകുന്ന വാർഷിക അവകാശധനം. 2018ലായിരുന്നു പദ്ധതിയുടെ തുടക്കം. പദ്ധതിയിലൂടെ ഓരോ വർഷവും 100ലധികം പേർക്കാണ് അവകാശധനം നൽകുന്നത്.