വർക്കല> ട്രിങ്, ട്രിങ്. ഹാഷിറും ഡേവിഡും ബെല്ലടിച്ച് സൈക്കിൾ നിർത്തിയത് താഴെവെട്ടൂരിൽ. കാസർകോട്ടുനിന്ന് വർക്കലവരെയുള്ള തീരദേശമേഖലയിലൂടെ 500 കിലോമീറ്റർ താണ്ടിവന്നതിന്റെ ക്ഷീണമൊന്നും ഇരുവരുടെയും മുഖത്തില്ല. കേരളത്തിലെ മാറുന്ന കാലാവസ്ഥയും അത് തീരദേശ മേഖലയിലുണ്ടാക്കുന്ന ഭീഷണികളും പഠിക്കാൻ ഇറങ്ങിയതാണ് ഇരുവരും. പെഡലിങ് ഫോർ പ്ലാനറ്റ് സൈക്കിൾ റൈഡ് എന്ന പേരിലാണ് ഇരുവരും യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച് (സി5) ഫൗണ്ടേഷന്റെ പ്രവർത്തകരാണ് ഹാഷിർ അഹമ്മദും ഡാനി ഡേവിഡും. തീരശോഷണത്തെപ്പറ്റിയും കടൽക്ഷോഭങ്ങളെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. തീരദേശത്തെ ജനങ്ങളുടെ പരാതികളും നിർദേശങ്ങളും ശേഖരിച്ച് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്യും. കാസർകോട് ബേക്കൽ ബീച്ചിൽനിന്ന് ആരംഭിച്ച സൈക്കിൾയാത്ര ലോക പരിസ്ഥിതി ദിനമായ ഞായറാഴ്ച ശംഖുംമുഖം ബീച്ചിൽ അവസാനിക്കും. ആകെ 555 കിലോമീറ്ററാണ് യാത്ര.
പ്രകൃതി സൗഹൃദ യാത്രയുടെ ഭാഗമായാണ് സൈക്കിൾതന്നെ തെരഞ്ഞെടുത്തതെന്ന് ഇരുവരും പറയുന്നു. താഴെവെട്ടൂർ തീരദേശമേഖലയിൽ എത്തിച്ചേർന്ന യാത്രയ്ക്ക് ഡിവൈഎഫ്ഐ വെട്ടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സെക്രട്ടറി അഹ്റാസ് സൈനുദ്ധീൻ, പ്രസിഡന്റ് അഹമ്മദ്ഷാൻ എന്നിവർ ചേർന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ പ്രസിദ്ധീകരണമായ “യൗവനത്തിന്റെ പുസ്തകം’ ഉപഹാരമായി നൽകി. മേഖലാ കമ്മിറ്റി അംഗങ്ങളായ ലക്ഷ്മി, ആതിര, അബ്സിൻ അസ്ലം, ആദിൽ, സേതു എന്നിവർ പങ്കെടുത്തു.