കൊച്ചി > മൂന്നുപതിറ്റാണ്ടിലധികം പഠിപ്പിച്ചത് ഊർജതന്ത്രമാണെങ്കിലും എഴുപത്തേഴുകാരനായ ആന്റണി സാറിന് ഇപ്പോൾ കൗതുകം സസ്യപരിപാലനവും സസ്യശാസ്ത്രവുമാണ്. പാഴ്വസ്തു എന്നൊന്ന് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. തേവര കോന്തുരുത്തി സ്റ്റീഫൻ പാദുവ റോഡിൽ പ്രൊഫ. വി ജെ ആന്റണിയുടെ വെള്ളാനിക്കാരൻ വീടിന് ചുറ്റുമുള്ള 25 സെന്റ് ഭൂമി കണ്ടാൽ നമുക്കത് മനസ്സിലാകും.
പാഴ്വസ്തുക്കൾ ഉപയോഗിച്ച് അദ്ദേഹം നിർമിച്ച ഉദ്യാനം പറയുന്നത് പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാമെന്നാണ്. പാഴ്വസ്തുക്കൾ എന്നുപറഞ്ഞ് മറ്റുള്ളവർ വലിച്ചെറിയുന്നതെല്ലാം ആന്റണിസാറിന് ചെടിവളർത്തുകേന്ദ്രങ്ങളാണ്. ഹെൽമെറ്റ്, ചെരുപ്പ്, പന്ത്, മിക്സിജാർ, ഗിറ്റാർ, ലേഡീസ് ബാഗ്, ക്ലോക്ക്, കുട, ഫാൻ, ഉരൽ, തയ്യൽ മെഷീൻ, പുട്ടുകുടം, ക്ലോസെറ്റ്, ഫ്ലാസ്ക് എന്നിങ്ങനെ സകല പാഴ്വസ്തുക്കളും ഈ ഉദ്യാനത്തിൽ മനോഹരങ്ങളായ ചെടിച്ചട്ടികളായി മാറും. വഴിയരികിൽനിന്നും ബന്ധുവീടുകളിൽനിന്നും ആക്രിക്കടകളിൽനിന്നും ശേഖരിച്ചവയാണ് പലതും. പാഴ്ത്തുണിയും സിമന്റും കമ്പിയും ഉപയോഗിച്ച് രണ്ടുവർഷംമുമ്പ് നിർമിച്ച പീരങ്കിയാണ് പൂന്തോട്ടത്തിൽ ഏറ്റവും ആകർഷകം. ഒരാഴ്ചയെടുത്തു പീരങ്കിയുണ്ടാക്കാൻ.
ഏഴുവർഷംമുമ്പ് മരിച്ച ഭാര്യ ആനിയുടെ ഓർമയ്ക്കായി, അവർ ഉപയോഗിച്ചിരുന്ന തയ്യൽ മെഷീനിലും ചെടി വളർത്തിയിട്ടുണ്ട്. കൊച്ചുമക്കൾ ഉപയോഗിച്ചിരുന്ന സൈക്കിളിലും അപ്പൂപ്പൻ പച്ചപ്പ് നിറച്ചു.
ഫേൺസ്, കലാത്തിയ, വിവിധതരം മണിപ്ലാന്റുകൾ തുടങ്ങി അമ്മായിയമ്മയുടെ നാക്ക് (മദർഇൻലോസ് ടങ്) എന്നറിയപ്പെടുന്ന സൻസവേറിയവരെ ആയിരക്കണക്കിന് ചെടികളുണ്ട് തോട്ടത്തിൽ.
ഒരുപിടി മണ്ണിടാൻ പറ്റുന്ന എവിടെയും ചെടി നടാം എന്നതാണ് ആന്റണിയുടെ ആപ്തവാക്യം. മണ്ണ് ആവശ്യമില്ലാത്ത ചെടിയും ശേഖരത്തിലുണ്ട്. വേരില്ലാത്ത ‘എയർ പ്ലാന്റ്’ വളരുന്നത് പാഴായ ഹാങ്ങറിലാണ്. ദിവസം ഒരുമണിക്കൂർ ചെടി പരിപാലിക്കും. ആഴ്ചയിലൊരിക്കൽ തോട്ടക്കാരന്റെ സേവനംകിട്ടും. കൊച്ചിൻ കോളേജിൽ 32 വർഷം ഫിസിക്സ് അധ്യാപകനായിരുന്നു. വിരമിച്ചശേഷം കൗൺസലിങ് രംഗത്തേക്ക് കടന്നു. ഒപ്പം മാജിക്കിലും ഒരുകൈ നോക്കി. മൂന്നു മക്കളും വിദേശത്താണ്.