ബാലതാരം, നടൻ, നായകൻ, സംവിധായകൻ ഇങ്ങനെ പല വേഷത്തിലായി മൂന്നു പതിറ്റാണ്ടിലധികമായി മലയാള സിനിമയിൽ വീനിത്കുമാറുണ്ട്. വടക്കൻ വീരഗാഥയിലെ ചന്തുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുതുടങ്ങിയ സിനിമാ ജീവിതം. ദേവദൂതനിലെ മഹേശ്വരനും പ്രണയമണിത്തൂവലിലെ ബാലുവെല്ലാം മലയാളി മനസ്സുകളിൽ ഇടംനേടി. ഇതിനിടെ, ഫഹദ് ഫാസിലിനെ നായകനാക്കി ‘അയാൾ ഞാനല്ല’ എന്ന ചിത്രം സംവിധാനംചെയ്തു. ആദ്യ സിനിമ എത്തി ഏഴു വർഷം പിന്നിടുമ്പോൾ വീണ്ടും സംവിധായകനാകുകയാണ് വിനീത്. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ഡിയർ ഫ്രണ്ട്’ 10ന് തിയറ്ററിൽ എത്തും. തന്റെ സിനിമാ വഴികളെക്കുറിച്ച് വിനീത്കുമാർ സംസാരിക്കുന്നു:
പുതിയ സിനിമ
മലയാള സിനിമയിലുണ്ടായ മാറ്റത്തെ ഉൾക്കൊള്ളുന്ന, അതിനനുസരിച്ചുള്ള നറേറ്റീവും കഥാപശ്ചാത്തലവുമെല്ലാമുള്ള സിനിമയാണ് ഡിയർ ഫ്രണ്ട്. ടൊവിനോയും ബേസിലുമടക്കം പുതിയ തലമുറയിലെ അഭിനേതാക്കളും സുഹാസ്–- ഷറഹു അടക്കമുള്ള എഴുത്തുകാരുമാണ് സിനിമയിലുള്ളത്. തന്മാത്രയിൽ മോഹൻ ലാലിന്റെ മകനായി അഭിനയിച്ച അർജുൻ ലാലിലൂടെയാണ് ഞാൻ ഈ സിനിമയിൽ എത്തുന്നത്. അവനാണ് കഥ പറയുന്നത്. സിനിമ എഴുതാൻ സുഹാസിനെയും ഷറഫുവിനെയും വിളിക്കുമ്പോൾ അവർ വരത്തൻ മാത്രമാണ് ചെയ്തിരുന്നത്. ഷൈജു ഖാലിദാണ് സംഗീതം. പുതിയ കാലഘട്ടത്തിലുള്ള സൗഹൃദവും അവരുടെ സന്തോഷങ്ങളും അവർക്കിടയിലുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.
ടൊവിനോ–- ബേസിൽ കോമ്പിനേഷൻ
ഇതുവരെ കണ്ടതിൽനിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ടൊവിനോയും ബേസിലും അവതരിപ്പിക്കുന്നത്. വിനോദ് എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ ആളെന്നനിലയിലാണ് സിനിമയിലേക്ക് ടൊവിനോയെ തെരഞ്ഞെടുത്തത്. താരം എന്നതിനപ്പുറത്തേക്ക് കഥാപാത്രത്തിനാണ് പരിഗണന നൽകിയത്. പതിവായി ബേസിലിനെ സിനിമകളിൽ കാണുന്നതരത്തിലുള്ള കഥാപാത്രമല്ല ഇതിലേത്. വളരെ സങ്കീർണതകളുള്ള ഒന്നാണ്. അത് കൃത്യമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
എഴുത്തിന്റെ ഭാഗം
ഞാൻ ചെയ്യുന്ന സിനിമകളിൽ അതിന്റെ തിരക്കഥാ രചനയുടെ ഭാഗമാകാൻ ശ്രമിക്കാറുണ്ട്. എഴുത്തിന്റെ ആദ്യഘട്ടംമുതൽ ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. എഴുത്തുകാരൻ എഴുതിയ രീതിയിൽത്തന്നെ നമുക്ക് ചിലപ്പോൾ അവതരിപ്പിക്കാൻ പറ്റില്ല. നമ്മൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നരീതിയിൽ രംഗങ്ങൾ വേണമെന്നുള്ളതുകൊണ്ടാണ് തിരക്കഥാ രചനയുടെകൂടി ഭാഗമാകുന്നത്.
മാറുന്ന മലയാള സിനിമ
മലയാള സിനിമയുടെ ഭാഷയിലും ശൈലിയിലുമെല്ലാം വലിയ മാറ്റമുണ്ടായി. ഒരുകാലത്ത് സിനിമയിൽ സാഹിത്യം വളരെയധികം കടന്നുവന്നിരുന്നു. പിന്നെ നാടകത്തിന്റെ രീതിയുണ്ടായിരുന്നു. ഇന്ന് ആ രീതികളെല്ലാം മാറി. സ്വാഭാവിക അഭിനയത്തിന്റേതായി. സിനിമ കുറേക്കൂടി റിയലിസ്റ്റിക്കായി. വലിയ നടന്മാരും താരങ്ങളൊന്നുമല്ലാത്ത പുതുമുഖങ്ങളുമായി വരുന്ന സിനിമകളും അവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും ഇപ്പോൾ നന്നായി സ്വീകരിക്കപ്പെടുന്നുണ്ട്. മലയാള സിനിമയിൽ വലിയൊരു തലമുറമാറ്റം ഉണ്ടായി. ഈഗോയും പ്രിവിലേജുമെല്ലാം ഇല്ലാതായി. വലിയൊരു സൗഹൃദത്തിന്റെ അടിത്തറ സൃഷ്ടിക്കപ്പെട്ടു.
കാലഘട്ടത്തിന്റെ പ്രതിഫലനം
ഓരോ കാലഘട്ടത്തിലും സമൂഹത്തിലുണ്ടാകുന്ന മാറ്റം സിനിമയിലും സ്വാഭാവികമായിട്ടും പ്രതിഫലിക്കും. നിലപാടുകളുടെ കാര്യത്തിൽ മലയാളത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. സ്ത്രീവിരുദ്ധ സംഭാഷണങ്ങളുടെ കാര്യത്തിലൊക്കെ സിനിമയിലുണ്ടായ മാറ്റം സമൂഹത്തിലുണ്ടായ ചർച്ചകളുടെ ഭാഗമായി കൂടിയാണ്. പഴയ കാലഘട്ടത്തിലെ സിനിമകൾ ഇപ്പോൾ കീറിമുറിക്കാൻ കഴിയില്ല. അതേസമയം, ചരിത്രത്തിലെ തെറ്റുകളെ ന്യായീകരിക്കുന്നതും ശരിയല്ല. ഒരു സംവിധായകനെന്നനിലയിൽ നമുക്കൊരു പ്രതിബദ്ധതയുണ്ട്. സിനിമയിൽ നമ്മൾ സ്ത്രീവിരുദ്ധമായ അല്ലെങ്കിൽ പൊളിറ്റിക്കലി തെറ്റായ സംഭാഷണം ഉപയോഗിക്കുംമുമ്പ് അത് ആവശ്യമാണോയെന്ന് രണ്ടു തവണ ചിന്തിക്കും. എല്ലാ കഥാപാത്രങ്ങളും പൊളിറ്റിക്കലി കറക്ടായി സിനിമ ചെയ്യാൻ പറ്റില്ല. എന്നാൽ, അനാവശ്യമായി അത്തരം കാര്യം ഉപയോഗിക്കില്ല.
ഇനി വലിയ ഇടവേളയുണ്ടാകില്ല
ആദ്യ സിനിമയ്ക്കുശേഷം ഡിയർ ഫ്രണ്ടിനുമുമ്പ് വേറെ ചില പ്രോജക്ടുകൾ ആലോചിരുന്നു. രണ്ടു സിനിമ നോക്കിയിരുന്നു. ഫഹദ് ഫാസിൽ സിനിമയായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. അതിന്റെ എഴുത്തെല്ലാം നടന്നു. എന്നാൽ, എഴുതിവന്നപ്പോൾ വിചാരിച്ചപോലെ വന്നില്ല. അങ്ങനെ അത് മാറ്റിവച്ചു. പിന്നീട് ഒരു സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കെയാണ് കോവിഡ് വന്നത്. അങ്ങനെയാണ് ആദ്യ സിനിമയ്ക്കുശേഷം ഏഴു വർഷത്തെ ഇടവേള വന്നത്. അല്ലെങ്കിൽ മൂന്നുവർഷം മുമ്പുതന്നെ ഒരു സിനിമ ഉണ്ടാകേണ്ടതായിരുന്നു. ഇനി ഇതുപോലെ വലിയ ഇടവേള ഉണ്ടാകില്ല. വേഗത്തിൽത്തന്നെ അടുത്ത സിനിമ ഉണ്ടാകും. നായകനായി അഭിനയിച്ച സൈമൺ ഡാനിയൽ എന്ന സിനിമ ഉടൻ പ്രേക്ഷകരിലേക്ക് എത്തും. സാജൻ എന്ന പുതുമുഖ സംവിധായകനാണ് സിനിമ ഒരുക്കിയിട്ടുള്ളത്. ദിവ്യ പിള്ളയാണ് നായിക.