മട്ടാഞ്ചേരി > ലക്ഷദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് അറുതിയില്ല. എംവി കോറൽസ് എന്ന കപ്പൽ ശനിയാഴ്ച ദ്വീപിലേക്ക് പുറപ്പെട്ടിട്ടും ആയിരത്തിലധികം യാത്രക്കാർ കൊച്ചിയിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് വെള്ളിവരെയുള്ള യാത്രാഷെഡ്യൂളാണ് ലക്ഷദ്വീപ് അധികൃതർ പുറത്തുവിട്ടത്. ഇതുപ്രകാരമാണ് ശനിയാഴ്ച 400 യാത്രക്കാരുമായി കപ്പൽ പുറപ്പെട്ടത്.
നിലവിലെ ഷെഡ്യൂൾപ്രകാരം ഞായറാഴ്ച 250 യാത്രക്കാരുമായി അറേബ്യൻ സീ കപ്പലും പോകും. എംവി കോറൽസ് തിരിച്ചെത്തി ബുധനാഴ്ചയും അറേബ്യൻ സീ വെള്ളിയാഴ്ചയും തിരികെ ദ്വീപിലേക്ക് പോകും. രണ്ടു കപ്പൽമാത്രം ഉണ്ടായാൽ യാത്രാദുരിതത്തിന് പരിഹാരമാകില്ലെന്ന് ദ്വീപുനിവാസികൾ പറയുന്നു.
വെള്ളിവരെയുള്ള ടിക്കറ്റുകളെല്ലാം തീർന്നു. എന്നാൽ, ആയിരത്തിലധികം യാത്രക്കാർ ദ്വീപിലേക്ക് പോകാനാകാതെ കൊച്ചിയിൽ കുടുങ്ങിയിട്ടുണ്ട്. ചികിത്സ, വിദ്യാഭ്യാസം ആവശ്യങ്ങൾക്കായി കൊച്ചിയിൽ എത്തിയവരാണ് ഏറെയും. ഏഴു കപ്പലുകൾ സർവീസ് നടത്തിയിരുന്ന ലക്ഷദ്വീപിലേക്ക് രണ്ടു കപ്പൽമാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
കൊച്ചിയിൽനിന്ന് പുറപ്പെടുന്ന രണ്ടു കപ്പലും അഞ്ചു ദ്വീപുകളിൽ പോയി ആറുദിവസത്തിനുശേഷമാണ് കൊച്ചിയിൽ തിരിച്ചെത്തുന്നത്. ഈ ഇടവേളയിൽ കൊച്ചിയിൽ യാത്രക്കാരുടെ എണ്ണവും വർധിക്കുന്നു. അതേസമയം, ശനിയാഴ്ച പോയ എംവി കോറൽസ് സർവീസ് ചുരുക്കി ചൊവ്വാഴ്ച തിരികെ എത്തുമെന്ന് അധികൃതർ അറിയിച്ചു.