കൽപ്പറ്റ > ഗോത്രജീവിതക്കാഴ്ചകൾ വിനോദസഞ്ചാരവുമായി സമന്വയിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം പദ്ധതി പൂക്കോട് ‘എൻ ഊര്’ ഗോത്ര പൈതൃക ഗ്രാമം മന്ത്രി കെ രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ എൻ ഊരിൽ നടന്ന ചടങ്ങിൽ രണ്ടാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ടി സിദ്ദിഖ് എംഎൽഎ അധ്യക്ഷനായി.
പൂക്കോട് വെറ്ററിനറി സർവകലാശാലക്കടുത്തുള്ള 25 ഏക്കറിലാണ് ടൂറിസം വകുപ്പുമായി സഹകരിച്ച് പൂർണമായും പട്ടികവർഗക്കാർ നിയന്ത്രിക്കുന്ന പദ്ധതി. പത്ത് കോടി രൂപ ചെലവിൽ 16 സ്റ്റാളുകളും രണ്ട് കഫ്റ്റീരിയയും ഗോത്രഗ്രാമത്തിൽ സജ്ജമാക്കിയിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള 50 പേർക്ക് നേരിട്ടും ഉൽപ്പന്ന വിപണനങ്ങളിലൂടെ ആയിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഗോത്ര വിഭവങ്ങൾ ലഭിക്കുന്ന കഫ്റ്റീരിയ, അവരുടെ കരകൗശല വസ്തുക്കൾ, വനവിഭവങ്ങൾ, തനത് കാർഷിക ഉൽപ്പന്നങ്ങൾ, പച്ചമരുന്നുകൾ, മുള –- ചൂരൽ ഉൽപ്പന്നങ്ങൾ, ഔഷധച്ചെടികൾ തുടങ്ങിയവ ഗ്രാമത്തിൽ ഒരുക്കിയിട്ടുണ്ട്.
‘മഴക്കാഴ്ച’ പ്രദർശനം ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്തു. ഭക്ഷ്യമേള, മഴക്കാല കലാരൂപ പ്രദർശനം, പുരാതന കാർഷികവിള, ഉപകരണ പ്രദർശനം, മരുന്നുകൾ, ആവിക്കുളി, പിആർഡിയുടെ ഗോത്ര ഫോട്ടോ പ്രദർശനം എന്നിവ മഴക്കാഴ്ചയിലുണ്ട്. രണ്ടാഴ്ച എൻ ഊരിലേക്ക് പ്രവേശനം സൗജന്യമാണ്.