കൊച്ചി
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാംവാർഷികം പിന്നിടുമ്പോൾ, നാടാകെ അനുഭവിച്ചറിയുന്നത് സമാനതകളില്ലാത്ത വികസനമുന്നേറ്റം. വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം ഉൾപ്പെടെ സമഗ്രമേഖലകളിലും എണ്ണിയാലൊടുങ്ങാത്ത വികസനപ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയത്. ഒരുവർഷത്തിനിടെ ജില്ലയിലെ 46 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. ഇടപ്പള്ളിയിൽ റീജണൽ വാക്സിൻ സ്റ്റോർ നിർമാണം പൂർത്തിയാക്കി. എറണാകുളത്തിനുപുറമേ തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലേക്കുള്ള വാക്സിനുകളും ഇവിടെ സൂക്ഷിക്കാം. വാക്സിൻ സ്റ്റോറിന്റെയും അനുബന്ധസൗകര്യങ്ങളുടെയും വിപുലീകരണത്തിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ജില്ലയിൽ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങളാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്.
ആദിവാസി ഊരുകളിൽ ഭക്ഷണമെത്തിക്കുന്നതിനുള്ള നടപടികളും വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി. ജില്ലയിലെ അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും ട്രാൻസ്ജെൻഡേഴ്സിനും റേഷൻ കാർഡ് അനുവദിച്ചു. കോവിഡ് പ്രതിസന്ധിയിൽ ഉലയാതെ സംരംഭകർക്ക് പിന്തുണ നൽകുകയാണ് ജില്ലാ വ്യവസായകേന്ദ്രം. പുതിയതായി 1308 സംരംഭക യൂണിറ്റുകൾ ആരംഭിച്ചു. ഇതിലൂടെ 208.911 കോടി രൂപ നിക്ഷേപമുണ്ടായി. 5936 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ ഒരുവർഷത്തിനിടെ പൂർത്തിയായത് 76 കോടി രൂപയുടെ വികസനപദ്ധതികൾ. ക്ഷീരവികസനവകുപ്പ് ജില്ലയിൽ 8.16 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി. വിവിധ പദ്ധതികളിലൂടെ 6.62 കോടി രൂപയും തദ്ദേശസ്ഥാപനങ്ങളിലൂടെ 1.54 കോടി രൂപയും ചെലവഴിച്ചു. വിദ്യാഭ്യാസ ധനസഹായ ഇനത്തിൽ 10.63 കോടി രൂപ വിതരണം ചെയ്തു. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ആവിഷ്കരിച്ച സംരംഭക സഹായ പദ്ധതികളിൽ മികച്ചനേട്ടം കൈവരിച്ചു. ജില്ലയിൽ 250 പേർക്കാണ് സാന്ത്വനം പദ്ധതിയിൽ സഹായം ലഭിച്ചത്. 4614 പേർക്കായി 30 കോടി രൂപ സംസ്ഥാനത്താകെ വിതരണം ചെയ്തു.