പാരിസ്
കളിമൺക്കളത്തിൽ റാഫേൽ നദാൽതന്നെ രാജാവ്. കടുത്ത പോരാട്ടത്തിൽ ലോക ഒന്നാംറാങ്കുകാരനും നിലവിലെ ചാമ്പ്യനുമായ നൊവാക് ജൊകോവിച്ചിനെ തോൽപ്പിച്ച് നദാൽ ഫ്രഞ്ച് ഓപ്പണിന്റെ സെമിയിൽ കടന്നു (6–2, 4–6, 6–2, 7–6). മൂന്നാംസീഡ് ജർമനിയുടെ അലെക്സാണ്ടർ സ്വരേവാണ് സെമിയിൽ നദാലിന്റെ എതിരാളി.
‘എനിക്കിത് മായാജാലങ്ങളുടെ രാത്രിയാണ്’– എന്നായിരുന്നു നദാലിന്റെ പ്രതികരണം. കളിജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തിയിട്ടും പോരാട്ടവീര്യം അൽപ്പംപോലും കുറയാത്ത നദാലിനെയാണ് റൊളാങ് ഗാരോസിൽ കണ്ടത്. എന്തുകൊണ്ട് ഫ്രഞ്ച് ഓപ്പണിലെ ഇതിഹാസ താരമായി എന്നതിനുള്ള ഉത്തരവും ഈ സ്പാനിഷുകാരൻ നൽകി.
റൊളാങ് ഗാരോസിൽ എത്തുമ്പോൾ നിരായുധനായിരുന്നു നദാൽ. ഒരു വലിയ മത്സരം ജയിക്കാനുള്ള ശാരീരികക്ഷമതയുണ്ടോ എന്നുപോലും സംശയിച്ചു. മുപ്പത്താറിൽ എത്തിനിൽക്കുന്ന നദാലിന് പ്രായവും കളിമൺക്കളത്തിൽ തടസ്സമാകുമെന്നായിരുന്നു വിലയിരുത്തൽ. കാൽപ്പാദത്തിൽ തുടർച്ചയായുള്ള പരിക്ക് ഒരുഘട്ടത്തിൽ നദാലിന്റെ കളിജീവിതംതന്നെ സംശയത്തിലാക്കി. ഈ മാസമാദ്യം ഇറ്റാലിയൻ ഓപ്പണിലും പരിക്ക് അലട്ടി. ഓസ്ട്രേലിയൻ ഓപ്പൺ നേടി, 21–ാം ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയശേഷം രണ്ട് മാസമായി വിശ്രമത്തിലായിരുന്നു.
ഫ്രഞ്ച് ഓപ്പണിൽ 13 കിരീടങ്ങൾ നേടിയിട്ടുള്ള നദാൽ ഈ വെല്ലുവിളികൾക്കിടയിലാണ് എത്തിയത്. 21–ാം ഗ്രാൻഡ് സ്ലാം ലക്ഷ്യമിടുന്ന ജൊകോയുടെ മുന്നേറ്റം അനായാസമായിരുന്നു. എന്നാൽ ക്വാർട്ടറിൽ കളിമാറി. പ്രീ ക്വാർട്ടറിൽ അഞ്ച് സെറ്റ് കളിച്ചെത്തിയ നദാൽ, ജൊകോയ്ക്കെതിരെ ഇതുവരെയുള്ള എല്ലാ ആയുധങ്ങളും പുറത്തെടുക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ശാന്തത കെെവിടാതെ റാക്കറ്റ് വീശി. തുടക്കത്തിൽതന്നെ വേഗത്തിൽ കളംപിടിച്ചു. ജൊകോ സമ്മർദത്തിന് അടിപ്പെട്ടു. നാലരമണിക്കൂർ കളി നീണ്ടു. ഫ്രഞ്ച് സമയം പുലർച്ചെ 1.15നാണ് കളി അവസാനിച്ചത്. 15–ാംസെമിയാണ് നദാലിന്.
നദാലിന് ശാരീരികപ്രശ്നങ്ങളാണെങ്കിൽ ജൊകോവിച്ചിന് കളത്തിലെ പ്രശ്നങ്ങളായിരുന്നു ഇക്കുറി ബാധിച്ചത്. കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിന് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ സെർബിയക്കാരനെ അനുവദിച്ചിരുന്നില്ല. എന്നാൽ, റോം ഓപ്പണിൽ ചാമ്പ്യനായി തിരിച്ചുവന്നു. ഫ്രഞ്ച് ഓപ്പണിൽ ഒരു സെറ്റുപോലും നഷ്ടമാകാതെയാണ് ക്വാർട്ടറിൽ എത്തിയത്. ഫ്രഞ്ച് ഓപ്പണിൽ 20–ാംജയമാണ് ജൊകോയ്ക്കെതിരെ നദാൽ നേടിയത്. സ്വരേവ് സ്പാനിഷ് കൗമാരതാരം കാർലോസ് അൽകാരെസിനെ ക്വാർട്ടറിൽ തോൽപ്പിച്ചു (6–4, 6–4, 4–6, 7–6).