കൊച്ചി
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കൊച്ചി നഗരത്തിലെ വോട്ടർമാരെക്കാൾ സമ്മതിദാനാവകാശം വിനിയോഗിച്ചത് തൃക്കാക്കര നഗരസഭയിൽ ഉൾപ്പെട്ട ബൂത്തുകളിലെ വോട്ടർമാർ. തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷനിലെ 22 ഡിവിഷനുകളും ഉൾപ്പെട്ട മണ്ഡലത്തിൽ സ്ത്രീ വോട്ടർമാരാണ് ഭൂരിപക്ഷമെങ്കിലും മൂന്നിലൊന്നും ബൂത്തിൽ എത്തിയില്ല. മണ്ഡലം രൂപപ്പെട്ടശേഷം നടന്ന നാല് തെരഞ്ഞെടുപ്പുകളിൽ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഈ ഉപതെരഞ്ഞെടുപ്പിലേത്.
ഒരുവർഷംമുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൂന്നുശതമാനത്തോളം വോട്ടാണ് കുറഞ്ഞത്. ഉച്ചയോടെ 50 ശതമാനത്തിനു മുകളിലെത്തിയ പോളിങ് പെട്ടെന്ന് മന്ദഗതിയിലായി. പിന്നീട് പോളിങ് അവസാനിക്കുന്നതുവരെയുള്ള നാലുമണിക്കൂറിൽ പോൾ ചെയ്തത് 18 ശതമാനത്തോളം വോട്ടുമാത്രം. ഏറ്റവും ഉയർന്ന പോളിങ് തൃക്കാക്കര നഗരസഭാ പ്രദേശത്തെ തെങ്ങോട് ഗവ. യുപി സ്കൂളിലെ 150–-ാംനമ്പർ ബൂത്തിലാണ്. 83.3 ശതമാനം. കുറഞ്ഞ വോട്ട് കൊച്ചി കോർപറേഷനിലെ ഗിരിനഗർ എൽപിഎസിലെ 97–-ാംനമ്പർ ബൂത്തിലും. 51.14 ശതമാനം. കോർപറേഷൻ പരിധിയിലെ ഇടപ്പള്ളി, പോണേക്കര, മാമംഗലം, പാടിവട്ടം, പാലാരിവട്ടം, കടവന്ത്ര, ഗിരിനഗർ പ്രദേശങ്ങളിലെ ഭൂരിഭാഗം ബൂത്തുകളിലും പോളിങ് താരതമ്യേന കുറഞ്ഞു.
എന്നാൽ തമ്മനം, പൊന്നുരുന്നി, വൈറ്റില, ചമ്പക്കര പ്രദേശങ്ങളിലെ ബൂത്തുകളിൽ മികച്ച പോളിങ്ങുണ്ടായി. ചമ്പക്കര സെന്റ് ജോർജ് യുപിഎസിലെ 84–-ാംബൂത്തിലാണ് നഗരത്തിലെ മികച്ച പോളിങ്. 81.62 ശതമാനം. ചമ്പക്കരയിലെ ആറു ബൂത്തുകളിൽ രണ്ടിടത്ത് 80 ശതമാനത്തിനുമുകളിൽ പോൾ ചെയ്തു. വൈറ്റില റൈസ് റിസർച്ച് സെന്ററിലെ നാലു ബൂത്തുകളിലും പോളിങ് 75 ശതമാനം കടന്നു.
പൊന്നുരുന്നിയിലെ അഞ്ചിൽ മൂന്നും തമ്മനത്തെ ആറിൽ മൂന്നും ബൂത്തുകളിൽ 70നുമുകളിലെത്തി. കലൂർ പ്രദേശത്തെ ബൂത്തുകൾ ശരാശരി 60 ശതമാനത്തിലൊതുങ്ങി. കടവന്ത്ര, ഗിരിനഗർ പ്രദേശത്തെ 12 ബൂത്തുകളിലെ ശരാശരി വോട്ടിങ് ശതമാനം 55ൽ താഴെയാണ്. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ 37 ബൂത്തുകളിൽ 25ലും 70 ശതമാനത്തിനുമുകളിലാണ് പോളിങ്. അയ്യനാട്, കുഴിക്കാട്ടുമൂല, മാവേലിപുരം ഭാഗങ്ങളിൽമാത്രമാണ് കുറഞ്ഞത്. ആകെ പോൾ ചെയ്ത 1,35,342 വോട്ടർമാരിൽ 68,175 പേർ സ്ത്രീകളാണ്. മൊത്തം സ്ത്രീവോട്ടർമാരുടെ 67.13 ശതമാനംപേർ വോട്ട് ചെയ്തു. ആകെ ചെയ്ത പുരുഷവോട്ട് 67,166. 70.48 ശതമാനം. ആകെ പോളിങ് ശതമാനം 68.77.