തിരുവനന്തപുരം
ശുചിത്വ സാഗരം പദ്ധതിയിൽ മുങ്ങൽ വിദഗ്ധരുടെ സേവനവും പ്രയോജനപ്പെടുത്തും. അഴിമുഖങ്ങൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിൽനിന്ന് പ്ലാസ്റ്റിക് നീക്കംചെയ്യാൻ ഇവരെ ഉപയോഗപ്പെടുത്തും. കടൽത്തീരത്തിനുപുറമെ കനാലുകൾ, നദികൾ, അഴിമുഖങ്ങൾ, കായലുകൾ, ഹാർബറുകൾ, ലാൻഡിങ് സെന്ററുകൾ, ഓടകൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പുനഃചംക്രമണം നടത്തുകയാണ് ശുചിത്വ സാഗരം പദ്ധതിയുടെ ലക്ഷ്യം. ചാലുകൾ, നദികൾ, കായലുകൾ എന്നിവയിലൂടെ ഒഴുകി കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യം പ്രഭവകേന്ദ്രത്തിൽ ഏറ്റെടുത്ത് സംസ്കരിക്കും. ഇതിന് സംസ്ഥാനമാകെ വാർഡുതലത്തിൽ പ്രചാരണവും ബോധവൽക്കരണവും സംഘടിപ്പിക്കും.
3000 ശേഖരണപ്പെട്ടി
സംസ്ഥാനത്തെ കടൽത്തീരത്ത് 3000 പ്ലാസ്റ്റിക് ശേഖരണപ്പെട്ടി സ്ഥാപിക്കും. ഓരോ 200 മീറ്ററിനും ഒരു പെട്ടി. സന്നദ്ധപ്രവർത്തകർ അടങ്ങിയ 3000 കർമ സമിതിയുമുണ്ടാകും. കരയിൽനിന്നും കടലിൽനിന്നും തീരത്തെത്തുന്ന പ്ലാസ്റ്റിക് മാലിന്യം ഈ പെട്ടികളിൽ ശേഖരിച്ച് പുനഃചംക്രമണത്തിന് ക്ലീൻ കേരള കമ്പനിയെയോ, തദ്ദേശസ്വയംഭരണ സ്ഥാപനം ഏർപ്പെടുത്തുന്ന സംവിധാനത്തിനോ കൈമാറും.
മനോഹര തീരത്തിന്
5 ലക്ഷം
കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കി സംരക്ഷിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് സംസ്ഥാന സർക്കാർ അവാർഡ് നൽകും. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫിയും അഞ്ചുലക്ഷം രൂപയുമാണ് സമ്മാനം. ഒമ്പത് തീരജില്ലയിൽ മികച്ച പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജില്ലാ പഞ്ചായത്തിനും അഞ്ചുലക്ഷം രൂപയും എവറോളിങ് ട്രോഫിയും സമ്മാനിക്കും. ശുചിത്വ സാഗരം പദ്ധതി നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്ന കർമസമിതികൾക്കും സമ്മാനമുണ്ട്, അരലക്ഷം രൂപ. സർക്കാർ നിയോഗിക്കുന്ന വിദഗ്ധ സമിതിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തുക.