നെടുമ്പാശേരി
ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് സർക്കാർ മുഖേന പുറപ്പെടുന്ന തീർഥാടകരുമായി ഇന്ത്യയിൽനിന്നുള്ള ആദ്യ വിമാനം 377 യാത്രക്കാരുമായി ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ്കാര്യ മന്ത്രി വി അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് നടത്തും. കേരളത്തിൽനിന്നുള്ള 5758 (പുരുഷന്മാർ 2056, സ്ത്രീകൾ 3702) തീർഥാടകർക്കുപുറമെ തമിഴ്നാട്, ലക്ഷദ്വീപ്, ആൻഡമാൻ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള 1989 തീർഥാടകരും കൊച്ചിയിൽനിന്നാണ് യാത്രയാകുന്നത്.
ജൂൺ നാലുമുതൽ 16 വരെ സഊദി അറേബ്യൻ എയർലൈൻസിന്റെ ചാർട്ടർ ചെയ്ത 20 വിമാനങ്ങളിലായാണ് തീർഥാടകരുടെ യാത്ര. ഓരോ വിമാനത്തിലും 377 തീർഥാടകരുണ്ടാകും. ആദ്യ വിമാനത്തിൽ പുറപ്പെടുന്നവർ വ്യാഴം രാവിലെ 8.30ന് ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യും. ആർടിപിസിആർ ടെസ്റ്റിന് വിപുലമായ സൗകര്യം വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, വളന്റിയർമാർ, ആരോഗ്യപ്രവർത്തകർ, ഹജ്ജ് സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇതിനകം ക്യാമ്പിൽ എത്തി പ്രവർത്തനങ്ങൾ ആരംഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അറിയിച്ചു.