തിരുവനന്തപുരം
സിൽവർ ലൈൻ സാമൂഹ്യാഘാത പഠനത്തിന് ഭൂമി ജിയോ സർവേ നടത്താൻ ഏജൻസികളെ കെ–-റെയിൽ ഉദ്യോഗസ്ഥർ സഹായിക്കും. സാമൂഹ്യഘാത പഠനത്തിന് അനുവദിച്ച കാലാവധിയായ ജൂലൈ 31നുള്ളിൽ തീർക്കാനാണ് ശ്രമമെന്ന് കരാറെടുത്ത ഏജൻസികൾ പറയുന്നു. അതേസമയം, സംഘർഷംമൂലം തീരാത്ത സ്ഥലങ്ങളിൽ ആവശ്യമായ സമയം അനുവദിക്കും.
കാസർകോട് 90 ശതമാനവും കണ്ണൂരിൽ 70 ശതമാനവും സർവേയും പഠനവും പൂർത്തിയായി. നിലവിലുള്ള പാതയ്ക്ക് സമീപത്തുകൂടിയുള്ള ന്യൂ മാഹിയിലെ നാല് കിലോമീറ്റർ സർവേ നടത്തിയിട്ടില്ല. ഈ ഭാഗത്ത് അലൈൻമെന്റിൽ മാറ്റം വരാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇവിടെ പാത കേരളത്തിലൂടെ തന്നെയാക്കിയാലും കാര്യമായ മാറ്റം വേണ്ടിവരില്ല.
35 ശതമാനം സർവേ പൂർത്തിയായ കൊല്ലം ജില്ലയിൽ ബാക്കി അതിവേഗത്തിൽ പൂർത്തിയാക്കും. സമരങ്ങളും മറ്റു തടസ്സങ്ങളുംമൂലം പല പ്രദേശത്തും പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് സാമൂഹ്യാഘാത പഠന ഏജൻസി അധികൃതർ പറഞ്ഞു. ജൂലൈ 31നകം പരമാവധി പ്രദേശങ്ങളിൽ തീർക്കാനാണ് ശ്രമം.
കാസർകോടും കണ്ണൂരും കുറച്ച്മാത്രം പ്രദേശത്തേ സർവേ തീരാനുള്ളൂ. തലശേരിയിൽ ഉടമകളുടെ സമ്മതത്തോടെ കല്ലിടും. ജിയോ ടാഗിങ് നടത്തേണ്ട സ്ഥലങ്ങളിൽ കെ–-റെയിൽ ഉദ്യോഗസ്ഥർ ഉപകരണങ്ങളുടെ സഹായത്തോടെ പൂർത്തിയാക്കും. സെന്റിമീറ്റർ കൃത്യതയുള്ളതിനാൽ കൂടുതൽ സൗകര്യപ്രദമാണ്. ഇപ്രകാരമുള്ള അതിർത്തിയിൽ കെട്ടിടങ്ങൾപോലുള്ള സ്ഥിരം നിർമാണങ്ങളിൽ അടയാളപ്പെടുത്തും. പക്ഷേ, പദ്ധതിക്ക് അനുമതി ലഭിച്ച് സ്ഥലമേറ്റെടുക്കുന്ന സമയത്ത് ഇവിടെയും കല്ലിടേണ്ടിവരും.
അന്തിമ അനുമതി ലഭിച്ചാൽ നിർമാണപ്രവർത്തനങ്ങൾ അതിവേഗത്തിൽ ചെയ്യാൻകഴിയുംവിധമാണ് മുന്നൊരുക്കങ്ങൾ. കൊച്ചി മെട്രോ രണ്ടാംഘട്ടവും ഇതേ മാതൃകയിൽ തയ്യാറെടുത്ത് നിൽക്കുകയാണ്.