കൊച്ചി> നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഡിജിറ്റല്‍ രേഖകളും ശബ്ദശകലങ്ങളുമടക്കം പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ടി എ ഷാജി അറിയിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടത് പ്രോസിക്യൂഷന്റെ കൂടി ആവശ്യമാണ്. കോടതിയെ സമീപിക്കുന്നതും സമയം കൂട്ടി ചോദിക്കുന്നതും നിയമപരമാണെന്നും ഡിജിപി വ്യക്തമാക്കി.
തുടരന്വേഷണത്തിന് ഒരു ദിവസം പോലും കൂട്ടി നല്‍കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു.സമയം കൂടുതല്‍ ചോദിച്ച് വിചാരണ തടസപ്പെടുത്താനാണ് നീക്കം. പല രീതിയിലും കേസ് കേള്‍ക്കുന്ന ന്യായാധിപരെ അപമാനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് അറിഞ്ഞിട്ടും ഇത്രയും നാള് അന്വേഷണ ഉദ്യോഗസ്ഥന് എവിടെയായിരുന്നെന്നും പ്രതിഭാഗം ചോദിച്ചു.
ഏതു വിധേനയും കസ്റ്റഡിയില്‍ വാങ്ങുകയും ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് വരുത്തി തീര്‍ക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യമെന്ന് ദിലീപ് ആരോപിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷന് കൂടുതല്‍ സമയം തേടിയത്.
ദിലീപിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഹൈക്കോടതി നേരത്തെ ഒരു മാസം സമയം നീട്ടി നല്‍കിയത്.