തിരുവനന്തപുരം> പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പാർടി ഓഫീസുകളിലോ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലോ പൊതു സ്ഥാപനങ്ങളിലോ വൃക്ഷതൈ വെച്ചുപിടിപ്പിക്കണമെന്ന് പാർട്ടി ഘടകങ്ങളോട് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അതിവേഗം വർധിച്ചുവരികയാണ്. ലോകത്തെമ്പാടും ആപത്ക്കരമായ വിധം താപവർധനയും. ഇത് പ്രളയക്കെടുതി, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കടലാക്രമണം എന്നിവയിലേക്കാണ് നയിക്കുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനം ശക്തിപ്പെടുത്തി മാത്രമേ മാനവരാശി നേരിടുന്ന ഈ പ്രശ്നത്തെ നേരിടാനാകൂ.
കാർബൺ പുറംതള്ളൽ 2030 ൽ 50 ശതമാനം എന്ന കണക്കിന് കുറച്ചാലേ ഇതിന് തടയിടാനാകൂ എന്നിരിക്കെ 16 ശതമാനം വർധിക്കുമെന്ന ആപത്ക്കരമായ സാഹചര്യമാണുള്ളത്. ഈ അവസ്ഥയ്ക്ക് പ്രധാന കാരണക്കാരായ സാമ്രാജ്യത്വശക്തികൾ പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നതിന് പകരം ഉത്തരവാദിത്വം മൂന്നാംലോക രാജ്യങ്ങളുടെ തലയിലിടുകയാണ്. കേരളത്തിൽ കാലാവസ്ഥാ വ്യതിയാന കെടുതികൾ സജീവമായിട്ടുണ്ട്. കാർബൺ പുറംതള്ളൽ പരമാവധി തടയുന്ന ഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് മാത്രമേ ഇതിനെ നേരിടാനാകൂ. അതിനുള്ള ജാഗ്രതയുണ്ടാക്കാൻ, ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.