തിരുവനന്തപുരം
ദക്ഷിണ കൊറിയയിൽ സാംസങ് ഇലക്ട്രോണിക്സിലെ കംപ്യൂട്ടർ എൻജിനിയർ ജോലിയുപേക്ഷിച്ച് കേരളത്തിലേക്കെത്തുമ്പോൾ ദിലീപിന് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, ഐഎഎസ്. ധീരമായ ആ ചുവടുവയ്പ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച സിവിൽ സർവീസ് പരീക്ഷാഫലം ശരിവച്ചു.
ദേശീയതലത്തിൽ 21ഉം കേരളത്തിൽ ഒന്നാം റാങ്കും ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ ദിലീപ് കെ കൈനിക്കരയാണ് മൂന്നാം ശ്രമത്തിൽ സ്വപ്നനേട്ടം സ്വന്തമാക്കിയത്. മദ്രാസ് ഐഐടിയിൽനിന്ന് കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ബിരുദം നേടിയായിരുന്നു 2018ൽ ദിലീപ് സാംസങ്ങിലെത്തിയത്. ആരും കൊതിക്കുന്ന നഗരവും ജോലിയും ഉയർന്ന ശമ്പളവും ഒരു വർഷംകൊണ്ട് മടുത്തു. 2019ൽ നാട്ടിലെത്തി പരിശീലനം ആരംഭിച്ചു. ആദ്യം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷ വിജയിച്ച് പ്രൊബേഷനറി ഓഫീസറായി. അപ്പോഴും ഐഎഎസ് സ്വപ്നം ഉപേക്ഷിച്ചില്ല. അവധിയെടുത്ത് പരിശീലിച്ചു.
“ഇത് എനിക്ക് സ്വപ്നസാക്ഷാൽക്കാരമാണ്. നൂറിനുള്ളിൽ റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും 21 അപ്രതീക്ഷിതം. കേരള കേഡർ ലഭിക്കണമെന്നാണ് ആഗ്രഹമെങ്കിലും രാജ്യത്ത് എവിടെയും ജോലിക്ക് സന്നദ്ധനാണ്. ഐടി വകുപ്പിനോടാണ് വ്യക്തിപരമായ താൽപ്പര്യം’–-തിരുവനന്തപുരം പട്ടത്തെ ഫ്ലാറ്റിലിരുന്ന് ദിലീപ് പറയുന്നു.
മലയാളിയാണെന്നറിഞ്ഞതോടെ കേരളത്തിലുണ്ടാകുന്ന പ്രളയങ്ങൾക്ക് കാരണമെന്തെന്നും സർവീസിൽ കയറിയാൽ എങ്ങനെ നേരിടുമെന്നും അഭിമുഖത്തിൽ ചോദ്യങ്ങളുണ്ടായെന്ന് ദിലീപ് പറഞ്ഞു.സിവിൽ സർവീസ് പരിശീലനത്തിനെത്തിയ സുഹൃത്തുക്കൾക്കൊപ്പം മൂന്നുവർഷമായി ഇവിടെയാണ് താമസം. റിട്ട. എസ്ഐ കെ എസ് കുര്യാക്കോസിന്റെയും ചങ്ങനാശ്ശേരി സെന്റ് ജെയിംസ് എൽപിഎസ് ഹെഡ്മിസ്ട്രസ് ജോളിമ്മയുടെയും മകനാണ്. പിജി വിദ്യാർഥിയായ അമലു സഹോദരി.















