ന്യൂഡൽഹി> വളർത്തുനായയ്ക്കൊപ്പം സവാരി നടത്താനായി രാജ്യാന്തര സ്റ്റേഡിയത്തിൽ നിന്ന് കായികതാരങ്ങളെ പുറത്താക്കിയ ഐഎഎസ് ദമ്പതികൾക്കെതിരെ നടപടി. ഡൽഹി സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി (റവന്യു) സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്കും ഭാര്യ റിങ്കു ദുഗ്ഗ ഐഎഎസിനെ അരുണാചൽപ്രദേശിലേക്കുമാണ് സ്ഥലം മാറ്റിയത്. മാധ്യമവാർത്തകൾക്കു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
ഐഎഎസ് ദമ്പതിമാർ വളർത്തുനായയ്ക്കൊപ്പം സായാഹ്ന സവാരി നടത്തുന്നതിനായി കായികതാരങ്ങൾക്ക് ത്യാഗരാജ രാജ്യാന്തര സ്റ്റേഡിയത്തിലെ പരിശീലനം നേരത്തെ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. വൈകുന്നേരം ഏഴ് മണിവരെ മാത്രമാണ് ഇവിടെ പരിശീലനത്തിന് അനുവധിച്ചിരുന്നത്. മുമ്പ് രാത്രി 8.30 വരെ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റിനു കീഴിൽ താരങ്ങൾ പരിശീലിച്ചിരുന്നു.
മേലുദ്യോഗസ്ഥന്റെ വളർത്തുനായയുമൊത്തുള്ള സവാരി സുഗമമാക്കുന്നതിനായി അത്ലീറ്റുകളെയും പരിശീലകരെയും ഇതേ സമയത്ത് ഗ്രൗണ്ടിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്. ദേശീയ മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതോടെ കായികതാരങ്ങൾക്ക് പരിശീലനത്തിനായി ഡൽഹിയിലെ ഏല്ലാ സ്റ്റേഡിയങ്ങളും രാത്രി പത്ത് മണിവരെ തുറന്നു കൊടുക്കാൻ സർക്കാർ ഉത്തരവിട്ടു.