ആലപ്പുഴ> പുതിയ പദ്ധതികളിലൂടെ വികസനവഴി തുറന്ന് ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ കുതിക്കുന്നു. വിദേശ കയറ്റുമതിയിലൂടെ ശ്രദ്ധേയ മുന്നേറ്റം നടത്തിയ കരീലക്കുളങ്ങരയിലെ മിൽ സർജിക്കൽ കോട്ടൺ ഉൽപ്പാദനത്തിലേക്കും കടക്കുകയാണ്. മില്ലിന്റെ ആധുനികവൽക്കരണ വികസന പദ്ധതി പൂർത്തീകരിച്ചിരുന്നു. അടുത്ത പത്തുവർഷത്തേക്കുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി സമർപ്പിച്ചു. 2021-–-22 സാമ്പത്തിക വർഷത്തെ ഉൽപ്പാദന, വിപണന, കയറ്റുമതി മേഖലയിലുണ്ടായ വളർച്ചയുടെ അടിസ്ഥാനത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ അഭിനന്ദനവും മില്ലിന് ലഭിച്ചു.
മിൽ വിദേശ കയറ്റുമതി ആരംഭിച്ചത് ചരിത്രനേട്ടമായിരുന്നു. മ്യാൻന്മറിലേക്കാണ് 2021 ഏപ്രിൽ 15ന് നൂൽ കയറ്റുമതി ചെയ്തത്. അതിപ്പോഴും തുടരുന്നു. നാലുകോടിയുടേതാണ് ഓർഡർ. കയറ്റുമതിക്കായുള്ള നൂലുകളുടെ ഗുണമേന്മ അംഗീകരിച്ചതോടെയാണ് ഓർഡറെത്തിയത്. ഇത്തരം ഗുണമേന്മയുള്ള നൂലുകൾ വികസിപ്പിച്ച കേരളത്തിലെ ആദ്യ സഹകരണ മില്ലെന്ന നേട്ടവും കൈവരിച്ചു. മഹാരാഷ്ട്ര, കോയമ്പത്തൂർ, അഹമ്മദാബാദ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്കും കേരളത്തിനകത്ത് പല സൊസൈറ്റികൾക്കും നൂൽ വിപണനം ചെയ്യുന്നു.
ആരോഗ്യമേഖലയ്ക്ക് അത്യന്താപേക്ഷിതമായ സർജിക്കൽ കോട്ടൺ ഉൽപ്പാദിപ്പിക്കാനുള്ള പദ്ധതിക്ക് സർക്കാരിന്റെ അംഗീകാരം ലഭിച്ചതായും പ്രവർത്തനം ഉടൻ തുടങ്ങുമെന്നും മിൽ ചെയർമാൻ എ മഹേന്ദ്രൻ പറഞ്ഞു. 578.264 കോടി അടങ്കൽ തുകയുള്ളതാണ് പദ്ധതി.
ഇതിലൂടെ കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, താലൂക്കാ ശുപത്രികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്കാവശ്യമായ സർജിക്കൽ കോട്ടൺ ഉൽപ്പാദിപ്പിച്ച് നാൽകാനാകും. കേരള സർക്കാരിന്റെ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയുടെ ഭാഗമായുള്ള നൂൽ വിപണനത്തിനും മിൽ നിർണായക പങ്ക് വഹിക്കുന്നു. മില്ലിന്റെ വളർച്ചയെ അഭിനന്ദിച്ച് മെയ് 13നാണ് വ്യവസായമന്ത്രി പി രാജീവ് കത്തയച്ചത്.