കൊല്ലം> മഴക്കാലം തുടങ്ങിയതോടെ ജില്ലയിൽ ഡെങ്കിപ്പനിയും വൈറൽ പനിയും വ്യാപകം. അഞ്ചു ദിവസത്തിനുള്ളിൽ വൈറൽ പനി ബാധിച്ച് 1746 പേർ ചികിത്സ തേടി. ഇതുവരെ വിവിധ മേഖലയിലായി 38 ഡെങ്കിപ്പനിക്കേസ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച യഥാക്രമം 1509, 10 എന്നിങ്ങനെയായിരുന്നു രോഗികൾ. അതേസമയം കഴിഞ്ഞവർഷം 20 ആഴ്ചയിലായി രോഗം ബാധിച്ചത് 1193, മൂന്നുപേർക്ക് വീതമാണ്. പനി വ്യാപകമായതോടെ എല്ലാ ആ ശുപത്രികളിലും പനിക്കായി പ്രത്യേകം ഒപി തുടങ്ങാൻ തീരുമാനമായി.
ഹോട്ട് സപോട്ടുകൾ
കുളത്തൂപ്പുഴ, കരുനാഗപ്പള്ളി, കിളികൊല്ലൂർ, കുളക്കട, കുന്നത്തൂർ, മാങ്കോട് ചിറ, മൈനാഗപ്പള്ളി, നെടുമ്പന, ശക്തികുളങ്ങര, തൃക്കോവിൽവട്ടം, ഉളിയക്കോവിൽ, വാടി എന്നിവയാണ് പ്രധാന ഹോട്ട്സ്പോട്ടുകൾ. കിഴക്കൻ മേഖലകളിൽ തോട്ടങ്ങൾ കേന്ദ്രീകരിച്ചും കൊല്ലം കോർപറേഷനിൽ വാടി, ഉളിയക്കോവിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന ഇടങ്ങളിലും കൂത്താടിസാന്ദ്രത കൂടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ലോകാരോഗ്യസംഘടന നടത്തിയ പഠനം അനുസരിച്ച് ജില്ലയിൽ കോർപറേഷൻ മേഖലയിൽ 50 ശതമാനം പേർക്കും ഗ്രാമീണമേഖലയിൽ 30 ശതമാനം പേർക്കും ഡെങ്കിപ്പനി വന്നുപോയതാണ്. നാലുതരം വൈറസുകളും ജില്ലയിൽ ഉള്ളതിനാൽ വ്യാപനമുണ്ടായാൽ സ്ഥിതി രൂക്ഷമായിരിക്കും.
പ്രതിരോധം ഊർജിതം
മഴക്കാലരോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാതല പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഫോഗിങ്, സ്പ്രേ എന്നിവ വ്യാപകമായി നടത്തും. തോട്ടങ്ങളിൽ 30ന് ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേക പരിശോഡെങ്കിപ്പനിയും വൈറൽ പനിയും വ്യാപകംധന നടത്തും. പൊലീസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ സഹായത്തോടെയാകും പരിശോധന. ട്രോളിങ് നിരോധനം നടപ്പാകുന്നതോടെ തീരത്തു പിടിച്ചിടുന്ന ബോട്ടുകൾക്കിടയിൽ സ്ഥാപിക്കുന്ന ടയറുകൾ കൊതുക് പെരുകാനുള്ള പ്രധാന ഉറവിടമായി മാറുന്നതിനാൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. രോഗലക്ഷണങ്ങളുള്ളവർ കൃത്യമായി ചികിത്സ തേടണമെന്ന് ഡെപ്യൂട്ടി ഡിഎംഒ ആർ സന്ധ്യ അറിയിച്ചു.