മൂലമറ്റം> മലങ്കര അണക്കെട്ടിലെ ജലനിരപ്പ് കുറച്ചതോടെ ജില്ലാ ജയിലിൽ കുടിവെള്ളം മുടങ്ങി. എംവിഐപി അധികൃതർ മഴ ശക്തമായതിനെ തുടർന്നാണ് മലങ്കര അണക്കെട്ടിലെ ജലസംഭരണം പരമാവധി താഴ്ത്തിയത്. ഇതോടെ എഴോളം പഞ്ചായത്തുകളിലെ നൂറോളം വരുന്ന കുടിവെള്ള പദ്ധതികൾ സ്തംഭനാവസ്ഥയിലായി.അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ ഞായർ മാത്രം 40.38 മീറ്ററായി ഉയർത്തിയിരുന്നു. എന്നാൽ, തിങ്കൾ മുതൽ വീണ്ടും കുറച്ചു.
ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് മുട്ടം ജില്ലാ ജയിലിലേക്കും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. 240 ൽപരം തടവുകാരെ പാർപ്പിക്കുന്ന ജില്ലാ ജയിലിലേക്ക് രണ്ട് ദിവസങ്ങളായിട്ട് വെള്ളം എത്തിക്കാൻ കഴിയുന്നില്ല. ഇത് ജയിലിന്റെ ദൈനംദിന പ്രവർത്തികളെ തകിടം മറിക്കുകയാണ്. അധിക പണംനൽകി പുറമെ നിന്ന് ജയിലിലേക്ക് വെള്ളം ലോറിയിൽ എത്തിച്ചു. ഈ അവസ്ഥ തുടരാൻ പറ്റാത്തതിനാൽ ജയിൽ ഉദ്യോഗസ്ഥർ എംവിഐപി അധികൃതർക്ക് കത്ത് നൽകി.
മുട്ടം, കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ഇടവെട്ടി, ആലക്കോട്, കരിങ്കുന്നം തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികൾ മിക്കതും മലങ്കര അണക്കെട്ടിന്റെ തീരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്.