തിരുവനന്തപുരം
കേരളം അത്യാകാംക്ഷയോടെ വീക്ഷിക്കുന്ന കേസിൽ മുതലെടുപ്പിന് ശ്രമിച്ച പ്രതിപക്ഷത്തിനും യുഡിഎഫ് മാധ്യമങ്ങൾക്കും കിട്ടിയ കനത്ത പ്രഹരമാണ് അതിജീവിതയുടെ പ്രതികരണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തോൽവിയുടെ വക്കിൽനിൽക്കുന്ന യുഡിഎഫ്, ചില മാധ്യമങ്ങളുടെ സഹായത്തോടെയാണ് നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചത്. എന്നാൽ, സർക്കാരിലും മുഖ്യമന്ത്രിയിലുമുള്ള വിശ്വാസം ആവർത്തിച്ചു പറഞ്ഞ അതിജീവിത, ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ സത്യാവസ്ഥയും വ്യക്തമാക്കി.
ഹർജിയെ സർക്കാരിനെതിരായി ഉപയോഗിക്കാമെന്ന അതിമോഹത്തിലായിരുന്നു ഏതാനും ദിവസമായി പ്രതിപക്ഷ പ്രചാരണം. ഫലത്തിൽ പ്രതിപക്ഷ നേതാവിന്റെയടക്കം വാർത്താസമ്മേളനങ്ങളും വാർത്തകളും അതിജീവിതയെത്തന്നെ വേട്ടയാടുന്ന രീതിയിലായി മാറി. കോടതിയിലുള്ള കുറ്റപത്രം, രഹസ്യമൊഴി, ഡിജിറ്റൽ തെളിവ് തുടങ്ങിയവയെക്കുറിച്ച് ഊഹാപോഹം പരത്തുകയായിരുന്നു ലക്ഷ്യം. അതുവഴി മുഖ്യപ്രതിയായ ദിലീപുമായി അടുത്ത ബന്ധമുള്ള കോൺഗ്രസ് നേതാക്കൾ എങ്ങനെയെല്ലാം ഇടപെട്ടുവെന്നത് മൂടിവെക്കാനുമായിരുന്നു ശ്രമം. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം ആലുവ എംഎൽഎക്കെതിരെ ജനം പ്രതിഷേധിച്ചിരുന്നു. ദിലീപിനുവേണ്ടി കരഞ്ഞു നിലവിളിച്ച നടൻ ധർമജൻ ബോൾഗാട്ടിയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കി. ഇതൊക്കെ മറച്ചുവെച്ചാണ് പ്രതിപക്ഷത്തിന്റെ കപടനാടകം.
കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതിനെതിരെയാണ് ഹർജി എന്നായിരുന്നു മറ്റൊരു വ്യാഖ്യാനം. എന്നാൽ, 2016നു ശേഷമുള്ള ചരിത്രം കേരളത്തിന്റെ മുന്നിലുണ്ട്. വിവിധ കേസിൽ ഇതുവരെ നടന്ന നീതിപൂർവമായ അന്വേഷണവും പ്രതികൾ ജയിലിലായതും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം മറികടന്ന് നടിയെ ആക്രമിച്ച കേസിന്റെ പേരിൽ സർക്കാരിനെ അപകീർത്തിപ്പെടുത്തി വോട്ട് തട്ടാമെന്ന പ്രതിപക്ഷ മോഹമാണ് പൊലിഞ്ഞത്.