കൊച്ചി
ബിപിസിഎൽ വിൽപ്പന ലക്ഷ്യമിട്ട് രണ്ടുവർഷമായി തുടരുന്ന നടപടികൾ കേന്ദ്രസർക്കാർ റദ്ദാക്കി. കമ്പനി പൊതുമേഖലയിൽ സംരക്ഷിക്കാൻ നടത്തിയ പ്രക്ഷോഭങ്ങളും കിണഞ്ഞുശ്രമിച്ചിട്ടും യോഗ്യരായ സ്വകാര്യകമ്പനികൾ വരാത്തതുമാണ് കേന്ദ്രത്തിന്റെ പിന്മാറ്റത്തിന് പിന്നിൽ. താൽപ്പര്യപത്രം നൽകിയ കമ്പനികൾ സ്വമേധയാ പിൻമാറിയതും കേന്ദ്രസർക്കാരിന് തിരിച്ചടിയായി. ഇതോടെ വിൽപ്പന നടപടികൾ തൽക്കാലം അവസാനിപ്പിച്ചു. എന്നാൽ, വൻകിട കോർപറേറ്റുകൾക്ക് അധികബാധ്യത വരാത്തവിധം വിൽപ്പന നടപടികൾ ലളിതമാക്കാനും നിലവിലെ വ്യവസ്ഥകൾ കൂടുതൽ കോർപറേറ്റ് അനുകൂലമാക്കാനുമാണ് കേന്ദ്രസർക്കാരിന്റെ പിൻമാറ്റമെന്നാണ് സൂചന.
രാജ്യമാകെ പ്രതിഷേധമുയർന്നിട്ടും ബിപിസിഎൽ വിൽപ്പനയുമായി മുന്നോട്ടുപോകുകയായിരുന്നു കേന്ദ്രം. 2020 മാർച്ച് ഏഴിനാണ് വിൽപ്പന പ്രഖ്യാപിച്ച് സ്വകാര്യകമ്പനികളിൽനിന്ന് താൽപ്പര്യപത്രം ക്ഷണിച്ചത്. മൊത്തം ആസ്തിയുടെ 52.98 ശതമാനം വരുന്ന 1,14,91,83,592 ഓഹരി വിൽപ്പനയാണ് തീരുമാനിച്ചത്. എന്നാൽ, പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ല. താൽപ്പര്യപത്രം സമർപ്പിക്കാനുള്ള തീയതി പലതവണ മാറ്റി. 2021 നവംബർ 16ന് അവസാന തീയതിയായി പ്രഖ്യാപിച്ചതും ഫലംകണ്ടില്ല. ഏതാനും കോർപറേറ്റുകൾ താൽപ്പര്യപത്രം സമർപ്പിച്ചതായി കേന്ദ്രം അവകാശപ്പെട്ടിരുന്നു. ആരൊക്കെ എന്ന് വെളിപ്പെടുത്തിയില്ല.
പെട്രോളിയം വ്യവസായം ആഗോളതലത്തിൽ നേരിട്ട തിരിച്ചടികൾ പ്രതിസന്ധിയായെന്നാണ് ധനമന്ത്രാലയത്തിനുകീഴിലെ ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. നിലവിലെ പല വ്യവസ്ഥകളോടും കോർപറേറ്റുകൾക്ക് താൽപ്പര്യമില്ല. സെബിയുടെയും മറ്റും നിബന്ധനകൾക്ക് വഴങ്ങിയാണ് അവ ഉൾപ്പെടുത്തേണ്ടിവന്നത്. ബിപിസിഎൽ വാങ്ങുന്നവർ മാർക്കറ്റിലുള്ള 26 ശതമാനം ഓഹരിയും വാങ്ങണമെന്ന വ്യവസ്ഥയാണ് അതിലൊന്ന്. പെട്രോനെറ്റ് എൽഎൻജി, ഇന്ദ്രപ്രസ്ഥ ഗ്യാസ് തുടങ്ങിയ ഉപകമ്പനികളുടെ ഓഹരികളും വാങ്ങണമെന്നതാണ് മറ്റൊന്ന്. ഇത് വലിയ ബാധ്യതയാകുമെന്ന് കോർപറേറ്റുകൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം വ്യവസ്ഥകൾ ഒഴിവാക്കിയാകും അടുത്ത വിൽപ്പന നടപടി. റിഫൈനറി, മാർക്കറ്റിങ്, എണ്ണഖനനം എന്നിവ വെവ്വേറെ വിൽക്കാനും ആലോചിച്ചേക്കും.
വിൽപ്പന നടപടി റദ്ദാക്കിയത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്ന് വിവിധ തൊഴിലാളി യൂണിയനുകൾ പ്രതികരിച്ചു.