ദോഹ> സുഹാസ് പാറക്കണ്ടി രചിച്ച ക്യാന്‍സര്‍ അതിജീവന പുസ്തകം ‘ഭ്രാന്തന് സെല്ലുകളുടെ കണക്കു പുസ്തക’ത്തിന്റെ ഖത്തറിലെ പ്രകാശനവും ചര്‍ച്ചയും ദോഹ ഐസിസി അശോക ഹാളില്‍ നടന്നു. നോര്‍ക്ക റൂട്ട് ഡയറക്റ്റര്‍ സി വി റപ്പായി സംസ്കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടിക്ക് കൈമാറി പുസ്തകം പ്രകാശനം ചെയ്തു.
ഹമദ് ഹോസ്പിറ്റലിലെ റേഡിയേഷന് ഓങ്കോളജിസ്റ് ഡോ. സജുകുമാര്‍ ദിവാകര്‍, ഐസിസി പ്രസിഡന്റ് പി എന്‍ ബാബുരാജന്, എസിബിഫ് ആക്റ്റിംഗ് പ്രസിഡന്റ് വിനോദ് നായര്‍, സംസ്കൃതി ജനറല്‍ സെക്രട്ടറി ജലീല്‍ കാവില്‍, കെഎംസിസി പ്രസിഡന്റ് എസ്എഎം ബഷീര്‍, ഇന്ത്യന്‍ ഓഥേഴ്സ് ഫോറം സെക്രട്ടറി ഹുസൈന് കടന്നമണ്ണ, യൂണിക് പ്രസിഡന്റ് മിനി സിബി, സീനിയര്‍ ഓങ്കോളജി നേഴ്സ് സുനീതി സുനില്‍, ഡോ. അമാനുല്ല വടക്കാങ്ങര, റേഡിയോ മലയാളം 98.6 എഫ് എം മാര്‍ക്കറ്റിങ് മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്മാന്, സംസ്കൃതി ഭാരവാഹികള്‍ വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ആത്മവിശ്വാസത്തിന്റെയും കരുതലിന്റെയും അടയാളപ്പെടുത്തലായ പുസ്തകം ഏറെ വായിക്കപ്പെടട്ടെയെന്ന് നോര്‍ക്ക റൂട്ട് ഡയറക്ടര്‍ സി.വി റപ്പായി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.
ഓര്‍മ്മകളുടെ എഴുത്ത് എന്നത് ഒരിക്കല്‍ ജീവിച്ച വഴികളിലൂടെ മനസ്സുകൊണ്ടുള്ള തിരിച്ചു പോക്കാണെന്നും, അതിനേക്കാള്‍ തീവ്രമായ വികാരമാണ് ഇത്തരം വേദികളില്‍ അത് വായിച്ചവരും ആ കഠിന കാലത്ത് ഒപ്പം ഉണ്ടായിരുന്നവരും അത് പങ്കുവെക്കുമ്പോള്‍ ഉണ്ടാകുന്നതെന്നും സുഹാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ഗ്രാന്‍ഡ്മാസ്റ്റര്‍ ജിഎസ് പ്രദീപ് ആമുഖവും, കേരള സാഹിത്യ ആക്കാദമി ഭാരവാഹികളായ പ്രൊഫ. സി.പി അബൂബക്കര്‍, അശോകന് ചരുവില്‍ എന്നിവരുടെ കുറിപ്പുകളും ഉള്‍പ്പെട്ട പുസ്തകത്തിന്റെ നാട്ടിലെ പ്രകാശനം പ്രശസ്ത എഴുത്തുകാരി കെ ആര് മീരയായിരുന്നു നിര്‍വഹിച്ചത്.