ഷാർജ> കുട്ടികളുടെ വായനോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകരെ സഹായിക്കുന്നതിനായി 25 ലക്ഷം ദിർഹമിന്റെ പുസ്തകങ്ങൾ വാങ്ങാൻ ഷാർജ ഷെയ്ഖ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശം നൽകി. 139 ഓളം പ്രസാധകർ ഇത്തവണ വായനോത്സവത്തിൽ എത്തിയിട്ടുണ്ട്.
വിജ്ഞാനത്തെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ഷാർജ ഷെയ്ഖിന്റെ നടപടി ഇതിനു മുമ്പും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിലും തുടർന്നുണ്ടായ വർഷങ്ങളിലും ഷാർജ പുസ്തകോത്സവത്തിലും, വായനോത്സവത്തിലും എത്തിയ പ്രസാധകരെ സഹായിക്കുന്നതിന് സമാനമായ രീതിയിൽ ഷെയ്ഖിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടായിട്ടുണ്ട്. വായനോത്സവത്തിൽ നിന്നും വാങ്ങുന്ന പുസ്തകങ്ങൾ ഷാർജ പബ്ലിക് ലൈബ്രറിയുടെ ആറു ബ്രാഞ്ചുകളിലായി വീതിച്ചു നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഷാർജ പബ്ലിക് ലൈബ്രറിയ്ക്ക് എല്ലാ വർഷവും ശൈഖിന്റെ അകമഴിഞ്ഞ സംഭാവന ലഭിക്കുന്നുണ്ടെന്നും, സമൂഹത്തെ നവീകരിക്കുന്നതിനായി നട്ടുനനച്ചു വളർത്തുന്ന വിത്തുകളെ വൃക്ഷങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ ഷെയ്ഖിന്റെ കലവറയില്ലാത്ത പിന്തുണ സീമാതീതമാണ് എന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ ഷെയ്ക്ക് അഹമ്മദ് അൽ അമീരി പറഞ്ഞു. വിജ്ഞാനത്തിലൂടെ പുതിയ തലമുറയെ ശാക്തീകരിക്കുക എന്ന മഹത്തായ കടമയാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
15 രാജ്യങ്ങളിൽനിന്നുള്ള പ്രസാധകർ തങ്ങളുടെ ഏറ്റവും പുതിയ പുസ്തകങ്ങളുമായാണ് ഇത്തവണ മേളയിൽ എത്തിയത്. കവികൾ, ചിത്രകാരൻമാർ, എഴുത്തുകാർ, സാംസ്കാരിക നായകർ, സർഗാത്മക പ്രതിഭകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ളവരുടെ സമഗ്രമായ ഒത്തുകൂടൽ കൂടിയാണ് ഷാർജയിൽ നടക്കുന്ന ഇത്തരം സാംസ്കാരിക പരിപാടികൾ.