ഷാർജ> യുഎഇ പ്രസിഡൻറ് ഷെയ്ക്ക് ഖലീഫയുടെ നിര്യാണത്തെ തുടർന്ന് നിർത്തിവച്ചിരുന്ന കുട്ടികളുടെ വായനോത്സവത്തിലെ സാംസ്കാരിക പരിപാടികൾ പുനരാരംഭിച്ചു. മെയ് 11 മുതൽ 22 വരെ 12 ദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ വായനോത്സവമാണ് ഷെയ്ഖിന്റെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി നിർത്തിവെച്ചിരുന്നത്.
വായനോത്സവത്തിൽ 120 ഓളം സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഹോളിവുഡ് ആനിമേറ്ററും, കുട്ടികൾക്കുള്ള നിരവധി സിനിമകൾ നിർമ്മിക്കുകയും ചെയ്ത ഖിലെ ബാൽദ തന്റെ സർഗ്ഗാത്മക ജീവിതത്തെക്കുറിച്ച് വായനക്കാരുമായി നടത്തിയ സംവാദം ഏറെ ശ്രദ്ധിക്കപ്പെട്ടു.
വളരുന്ന തലമുറയെ വാർത്തെടുക്കാൻ ഒരു ഭരണകൂടം എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തു കൊണ്ടാണ് ഷാർജ ഭരണാധികാരി ഇത്തരം സംരംഭങ്ങൾക്ക് ആശീർവാദവും പിന്തുണയും നൽകുന്നത്.