ന്യൂഡല്‍ഹി> ഷഹീന്‍ബാഗില്‍ കെട്ടിടം പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞു. നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം സൗത്ത് ഡല്‍ഹി കോര്‍പ്പറേഷനിലെ പൊളിക്കല്‍ നടപടികള്‍ ചീഫ് ജസ്റ്റിസിന് മുന്പില് അഭിഭാഷകര്‍ അവതരിപ്പിച്ചു. നാഗേശ്വര്‍ റാവുവിന്റെ ബെഞ്ചിന് മുന്നില്‍ വിഷയം അവതരിപ്പിക്കാനാണ് അഭിഭാഷകര്‍ക്ക് അനുമതി ലഭിച്ചത്. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് പൊളിക്കാനെത്തിയതെന്നാണ് കോര്‍പ്പറേഷന്റെ വാദം.
കഴിഞ്ഞ മാസം 21ന് പൊളിക്കലിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച കോടതി തല്‍സ്ഥിതി തുടരാനും എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. നിയമങ്ങള്‍ പാലിച്ചാണ് കെട്ടിടം പൊളിക്കുന്നതെന്നും പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്നുവെന്ന ഹര്‍ജിക്കാരുടെ വാദം പച്ചക്കള്ളമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. മധ്യപ്രദേശില്‍ വിവിധ മത വിഭാഗത്തില്‍ നിന്നുള്ളവരുടെ വീടുകള്‍ പൊളിച്ചിരുന്നുവെന്ന കണക്കും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ സമര്‍പ്പിച്ചു.
എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നോ എന്ന ചോദ്യത്തിന് കേന്ദ്രം മറുപടി നല്‍കിയില്ല. ഇക്കാര്യം അതീവ ഗൗരവതരമാണെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും കോടതി വിശദമായി നോക്കിക്കാണുന്നുണ്ടെന്നും ബെഞ്ച് താക്കീത് നല്കി. നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനും ഹരജിക്കാര്‍ക്കും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഹനുമാന് ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡല്‍ഹി കോര്പ്പറേഷന് പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.