തിരുവനന്തപുരം
സംസ്ഥാനത്ത് എല്ലാ തദ്ദേശസ്ഥാപനത്തിലും മലിനജല സംസ്കരണത്തിന് പദ്ധതി. ഇതിന് നിലവിലെ നിയമത്തിൽ ഇളവ് വരുത്തി. മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കുന്ന കരാറുകാരന് അഞ്ച് വർഷം നടത്തിപ്പും പരിപാലന ചുമതലയും നൽകുന്നതാണ് പുതിയ നിയമം.
മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. നേരത്തെ ഡിപിആർ തയ്യാറാക്കുന്നത് ഒരു ഏജൻസിയും പ്ലാന്റ് നിർമാണ ചുമതല ടെൻഡറിലൂടെ നേടിയിരുന്നത് മറ്റൊരു ഏജൻസിയുമായിരുന്നു. ഇതുകാരണം പ്ലാന്റ് പ്രവർത്തനം തകരാറിലാകുമ്പോൾ ഉത്തരവാദിത്വം ഒരു ഏജൻസിയിൽ മാത്രമായി ചുമത്താൻ കഴിയുമായിരുന്നില്ല. സാങ്കേതിക ചുമതലയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ ഒന്നിലേറെ ഉദ്യോഗസ്ഥരെ ആശ്രയിക്കേണ്ടിയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കരാറുകാരനെ അഞ്ചുവർഷം പ്ലാന്റ് പരിപാലന ചുമതലയും അറ്റകുറ്റപ്പണി ചുമതലയും ഏൽപ്പിച്ചുള്ള സർക്കാർ ഉത്തരവ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോർപറേഷൻ സ്ഥാപിച്ച മാതൃകയിൽ സംസ്ഥാനത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്ലാന്റ് നിർമിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. അഞ്ചു വർഷത്തിനകം സംസ്ഥാനം പൂർണമായും മാലിന്യമുക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.