തിരുവനന്തപുരം
അടുക്കളയും പൂട്ടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ വൻ പ്രതിഷേധം. സാമ്പത്തികപ്രതിസന്ധിയിൽ ജനം നട്ടംതിരിയുമ്പോൾ പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും തോന്നിയപോലെ വിലകൂട്ടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ രോഷം പ്രകടിപ്പിച്ച് ആയിരങ്ങൾ തെരുവിലിറങ്ങി. ഒന്നര മാസത്തിനിടെ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 100 രൂപ കൂട്ടി 1009 രൂപയും വാണിജ്യ സിലിണ്ടറിന് 10 മാസത്തിനിടെ 1100 രൂപ കൂട്ടി 2400 രൂപയോളവുമാണ് കേന്ദ്ര സർക്കാർ ഈടാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 80 ലക്ഷം കുടുംബത്തിന്റെ അടുക്കള പ്രതിസന്ധിയുടെ പുകച്ചുഴിയിലായി. മണ്ണെണ്ണയ്ക്കാവട്ടെ രണ്ടു വർഷത്തിനിടെ 66 രൂപയാണ് കൂട്ടിയത്. അവശ്യ മരുന്നുകൾക്ക് ഉൾപ്പെടെ ഈയിടെ കേന്ദ്രസർക്കാർ വൻതോതിൽ വിലവർധിപ്പിച്ചിരുന്നു. സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലവർധന കുടുംബബജറ്റിന്റെ താളംതെറ്റിച്ചു.
വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ശനിയാഴ്ച ഒറ്റയടിക്ക് 50 രൂപയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി ഗ്യാസ് വില 1000 രൂപ കടന്നു. തിരുവനന്തപുരത്ത് സിലിണ്ടറിന് 1009 രൂപയായി. കോഴിക്കോട്ട് 1008.50 രൂപയും കൊച്ചിയിൽ 1006.50 രൂപയും നൽകണം. നേരത്തേ പാചകവാതകത്തിന് 1200ന് മുകളിൽ വിലയുണ്ടായിരുന്നെങ്കിലും സബ്സിഡി ഉണ്ടായിരുന്നതിനാൽ ഉപഭോക്താവിന് 420 രൂപയോളമേ നൽകേണ്ടി വന്നിരുന്നുള്ളൂ. എന്നാൽ ഒരറിയിപ്പുമില്ലാതെ രണ്ടുവർഷമായി സർക്കാർ സബ്സിഡി നിർത്തലാക്കി. കോടിക്കണക്കിന് രൂപയാണ് കേന്ദ്രസർക്കാർ ഇതുവഴി ജനങ്ങളെ കൊള്ളയടിക്കുന്നത്.
കേന്ദ്ര ബിജെപി സർക്കാർ അടിച്ചേൽപ്പിച്ച അനിയന്ത്രിത വിലക്കയറ്റത്തിനെതിരെ നാടെങ്ങും വീട്ടമ്മമാർ തെരുവിലിറങ്ങി. കക്ഷി രാഷ്ട്രീയ ഭേദമന്യേ സ്ത്രീകൾ പാചകവാതക വിലവർധനയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ വില്ലേജ് അടിസ്ഥാനത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പാചകവാതക വില അടിക്കടി വർധിപ്പിച്ച് അടുക്കള പൂട്ടിക്കാനുള്ള നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.
ഇന്ധനവില വർധനയ്ക്കൊപ്പം രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്കും നീങ്ങുമ്പോഴാണ് കേന്ദ്രത്തിന്റെ പിടിച്ചുപറി. കേരളമടക്കം മൂന്ന് സംസ്ഥാനത്തിന് നൽകേണ്ട ഗോതമ്പ് വിഹിതം സെപ്തംബർവരെ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. എട്ട് സംസ്ഥാനത്തിന്റെ വിഹിതം പകുതിയാക്കി. ഇതിനിടെയാണ് ഇടിത്തീയായി പാചകവാതക –-മണ്ണെണ്ണ വിലവർധന.
കേന്ദ്രം അടുക്കള പൂട്ടിക്കുന്നു:
സിപിഐ എം
പാചകവാതക വില അടിക്കടി വർധിപ്പിച്ച് അടുക്കള പൂട്ടിക്കാനുള്ള നിലപാടാണ് കേന്ദ്ര സർക്കാരിന്റേതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് കുറ്റപ്പെടുത്തി.ബിജെപി അധികാരത്തിൽ വന്നപ്പോള് 405 രൂപയായിരുന്ന പാചകവാതക വില ആയിരം കടന്നു. ഒമ്പതു മാസത്തിനിടെ 255 രൂപ വർധിപ്പിച്ചു. ശനിയാഴ്ചമാത്രം 50 രൂപ കൂടി. മാസങ്ങളായി ഉപയോക്താക്കൾക്ക് സബ്സിഡി നൽകുന്നതും നിർത്തി. വാണിജ്യ സിലിണ്ടറിന്റെ വിലയും കൂട്ടി. പെട്രോൾ, ഡീസൽ വില അടിക്കടി വർധിപ്പിക്കുകയാണ്. കഴിഞ്ഞ മേയിൽ 18 രൂപയായിരുന്ന മണ്ണെണ്ണയ്ക്കിപ്പോള് 84 രൂപയായി. രണ്ടുവർഷത്തിനിടെ 66 രൂപ കൂട്ടി.
2014ൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇന്ധനവില പിടിച്ചുനിർത്തുമെന്നത്. സബ്സിഡി വെട്ടിക്കുറയ്ക്കുകയെന്ന ആഗോളവൽക്കരണ നയം പിന്തുടരുന്ന കോൺഗ്രസും ബിജെപിയുമാണ് ഈ അവസ്ഥയുണ്ടാക്കിയത്.
ആഗോളവൽക്കരണ നയങ്ങളാരംഭിക്കുന്നതിനു മുമ്പ് 55.5 രൂപയായിരുന്നതാണ് ഇപ്പോൾ ആയിരം കടന്നത്. സബ്സിഡി നൽകാൻ പണമില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കോർപറേറ്റ് ടാക്സ് ഇനത്തിൽ 1.45 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. അടുക്കളകൾ പൂട്ടിയാലും കോർപറേറ്റുകളെ സഹായിക്കുകയെന്ന നയത്തിന്റെ തുടർച്ചയാണിത്.
കോവിഡിന്റെ പിടിയിൽനിന്ന് കരകയറാൻ രാജ്യം പ്രയാസപ്പെടുമ്പോഴുള്ള വിലവർധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണിൽനിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.