തൃശൂർ
സാമ്പിൾവെടിക്കെട്ട് പൊട്ടിവിരിഞ്ഞതോടെ പൂരങ്ങളുടെ പൂരത്തിന് ഗംഭീര തുടക്കം. ചൊവ്വാഴ്ചയാണ് തൃശൂർ പൂരം. പൂരവിളംബരമായി തിങ്കൾ രാവിലെ കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്ര ദേശക്കാർ എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട പൂരത്തിന് തുറന്നുകൊടുക്കും.
പാറമേക്കാവ് –-തിരുവമ്പാടി വിഭാഗക്കാരുടെ ചമയ പ്രദർശനം ഞായറാഴ്ച ആരംഭിച്ചു. ചൊവ്വ രാവിലെ എട്ട് ഘടകദേശപ്പൂരങ്ങളോടെ 30 മണിക്കൂർ നീളുന്ന പൂരക്കാഴ്ചകൾക്ക് തുടക്കമാകും. പകൽ പതിനൊന്നോടെ തിരുവമ്പാടിയുടെ മഠത്തിൽവരവ് ആരംഭിക്കും. പകൽ 12ന് പതിനഞ്ച് ആനപ്പുറത്ത് പാറമേക്കാവിന്റെ എഴുന്നള്ളിപ്പും തുടങ്ങും. രണ്ടരയോടെ ഇലഞ്ഞിത്തറ മേളം. വൈകിട്ട് അഞ്ചരയോടെ തെക്കോട്ടിറക്കം. തുടർന്ന് തെക്കേ ഗോപുരനടയിൽ കുടമാറ്റം. ബുധനാഴ്ച പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. ഉച്ചയ്ക്ക് പൂരം ഉപചാരംചൊല്ലി പിരിയും.