കണ്ണൂർ
സ്റ്റേഷൻ ക്വോട്ട പുനഃസ്ഥാപിച്ചതോടെ ദീർഘദൂര ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റ് കിട്ടാതെ സംസ്ഥാനത്തെ യാത്രക്കാർ ദുരിതത്തിൽ. ഓൺലൈൻ റിസർവേഷനിൽ എല്ലാ സ്റ്റേഷനുകളിലും ഒരുപോലെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നിരിക്കെയാണ് റെയിൽവേയുടെ തലതിരിഞ്ഞ തീരുമാനം.
പ്രധാന സ്റ്റേഷനുകൾക്ക് കൂടുതലും സാധാരണ സ്റ്റേഷനുകൾക്ക് കുറച്ചും ടിക്കറ്റാണ് ഇപ്പോൾ റെയിൽവേ വീതം വയ്ക്കുന്നത്. ട്രെയിനുകൾക്കനുസരിച്ചാണ് പ്രധാന സ്റ്റേഷനുകൾ റെയിൽവേ നിർണയിക്കുന്നത്. മുംബൈ, ഡൽഹി, ചെന്നൈ, ബംഗളുരു, പുണെ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തിലെ മിക്ക സ്റ്റേഷനിൽനിന്നുള്ള റിസർവേഷൻ ടിക്കറ്റും കിട്ടാക്കനിയായി. വെയിറ്റിങ് ലിസ്റ്റിൽപോലും റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആവുന്നില്ല. മിക്ക ദീർഘദൂര ട്രെയിനുകളും കേരളത്തിലൂടെ ആളില്ലാതെയാണ് ഓടുന്നത്. ആഴ്ചകൾക്കുമുമ്പേ റിസർവേഷൻ ഫുൾ എന്നു കാണിച്ച ട്രെയിനുകളാണ് ഇവ. ദക്ഷിണ റെയിൽവേയുടെ പ്രധാന സ്റ്റേഷനായ മംഗളുരുവിന് കൂടുതൽ ക്വാട്ട നിശ്ചയിച്ചതോടെയാണ് കേരളത്തിലെ യാത്രക്കാർക്ക് തിരിച്ചടിയായത്.
കോവിഡിനുമുമ്പുള്ളതുപോലെ ട്രെയിൻ സർവീസുകളെല്ലാം പുനഃസ്ഥാപിച്ചെങ്കിലും ദീർഘദൂര സ്പെഷ്യൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ആയിട്ടില്ല. അതിനാൽ സാധാരണ ടിക്കറ്റിലും യാത്ര ചെയ്യാനാകുന്നില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.