ചെങ്ങന്നൂർ
ചെങ്ങന്നൂർ നഗരസഭയിൽ കീഴ്ചേരിമേൽ ബി അജീഷ്കുമാറിന്റെ വീട്ടിൽ മന്ത്രിമാരായ എം വി ഗോവിന്ദനും സജി ചെറിയാനും അപ്രതീക്ഷിതമായി എത്തിയത് വീട്ടുകാർക്കും അയൽവാസികൾക്കും കൗതുകമായി. കേരള നോളജ് ഇക്കണോമി മിഷൻ നേതൃത്വത്തിൽ നടക്കുന്ന “എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണപരിപാടിയുടെ കുടുംബശ്രീ സർവേ ഉദ്ഘാടനം ചെയ്യാനാണ് മന്ത്രിമാർ എത്തിയത്.
കെഎസ്ഇബി റിട്ട. സബ് എൻജിനിയർ ബി അജീഷ്കുമാറിന്റെയും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥ ജയമോളുടെയും മകൻ എ ഹരി നാരായണനിൽ (21)നിന്ന് മന്ത്രി എം വി ഗോവിന്ദൻ വിവരങ്ങൾ ശേഖരിച്ചു. മൂന്നാം വർഷ സോഷ്യോളജി വിദ്യാർഥിയായ ഹരിനാരായണന് പദ്ധതിയുടെ ലഘുലേഖ നൽകുന്നതോടൊപ്പം മന്ത്രിമാർ ആശംസയും അറിയിച്ചു.ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു . മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.
കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ എക്സി. ഡയറക്ടർ പി ഐ ശ്രീവിദ്യ പ്രചാരണപരിപാടി വിശദീകരിച്ചു.
അഭിരുചിക്കനുസരിച്ച് തൊഴിൽ നൽകാനാകും: മന്ത്രി എം വി ഗോവിന്ദൻ
രാജ്യത്ത് ആദ്യമായാണ് തൊഴിലന്വേഷകരെ തേടി സർക്കാർ സംവിധാനം വീടുകളിലേക്കെത്തുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ കഴിവും അഭിരുചിയും അനുസരിച്ച് തൊഴിൽ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വൈജ്ഞാനികസമൂഹത്തെ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ഒരുലക്ഷം തൊഴിൽസംരംഭം സർക്കാർ നേതൃത്വത്തിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.