തിരുവനന്തപുരം
പി സി ജോർജിന്റെ മതവിദ്വേഷ പ്രസംഗത്തിന് വേദിയായ സ്ഥലത്ത് മാനവസൗഹൃദ സംഗമം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. കിഴക്കേകോട്ട പ്രിയദർശിനി ഹാളിലാണ് ‘വിദ്വേഷം വിനാശമാണ്, സ്നേഹം ജീവിതമാണ്’ എന്ന സന്ദേശം ഉയർത്തി സംഗമം സംഘടിപ്പിച്ചത്. വിവിധ മതങ്ങളിലെ ആചാര്യന്മാരും പണ്ഡിതരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അടക്കം പരിപാടിയിൽ പങ്കെടുത്തു.
വേദിക്കരികിലെ മരത്തിൽ ചുറ്റിയ കാൻവാസിൽ കവി പ്രഭാവർമ്മ ഒപ്പു ചാർത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന സംഗമത്തിൽ ഗായത്രി ബാബു മാനവ ഗീതം ആലപിച്ചു. യോഗത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ, വെട്ടുകാട് മാദ്രെ ദെ ദേവൂസ് ചർച്ച് പാരിഷ് പ്രീസ്റ്റ് റവ. ഡോ. ജോർജ് ഗോമസ്, പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗം ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം, സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവകയിലെ റവ. സജി എൻ സ്റ്റുവർട്ട്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്, കവയിത്രി വി എസ് ബിന്ദു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എസ് പുഷ്പലത, മേയർ ആര്യ രാജേന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എസ് എ സുന്ദർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂ ഖാൻ, ട്രഷറർ വി എസ് ശ്യാമ എന്നിവർ സംസാരിച്ചു.
മതിലുകളല്ല; പണിയേണ്ടത് സൗഹൃദത്തിന്റെ പാലങ്ങൾ
ഒരു മതവും മതാചാര്യന്മാരും വിദ്വേഷമോ പ്രതികാരമോ അല്ല പഠിപ്പിക്കുന്നതെന്ന് സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാനവസൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്റെ മതിലു പണിയുന്നവരാകാതെ സൗഹൃദത്തിന്റെ പാലം പണിയുന്നവരാകാൻ നമുക്ക് കഴിയണമെന്ന് റവ. ഡോ. ജോർജ് ഗോമസ് പറഞ്ഞു. പൊതിച്ചോറും കിറ്റുമൊക്കെ വിതരണം ചെയ്യാൻ പാർടിയോ മതമോ ഒന്നും വേർതിരിവല്ലെന്ന് ഡിവൈഎഫ്ഐ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാ വിദ്വേഷ പ്രസംഗങ്ങളെയും ഒരുമിച്ചു വായിക്കണമെന്നും ഒരുമിച്ചുനിന്ന് വിദ്വേഷത്തെ നേരിടാൻ കഴിയണമെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു. ഇതേ വേദിയിൽ ദിവസങ്ങൾക്കു മുമ്പു വീണ മാലിന്യത്തിന്റെ അവസാന അവശിഷ്ടവുമാണ് നീക്കപ്പെടുന്നതെന്ന് ജി എസ് പ്രദീപ് പറഞ്ഞു.
ജോർജ് എന്ന വാക്കിനർഥം കൃഷിക്കാരൻ എന്നാണെന്നും എന്നാൽ, എന്തു കൃഷിയാണ് പി സി ജോർജ് ചെയ്യുന്നതെന്ന് സംശയമുണ്ടെന്നും ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു.