കോട്ടയം
തദ്ദേശസ്ഥാപനങ്ങളുടെ നിർമാണ പ്രവൃത്തികൾ നടത്താൻ പ്രൈവറ്റ് ബിൽഡിങ് കോൺ്രട്രാക്ടർമാർക്ക് ഉടൻ ലൈസൻസ് അനുവദിക്കാൻ നടപടിയെടുക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ. പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നാലാം സംസ്ഥാന സമ്മേളനം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാടിന്റെ വികസനത്തിൽ പങ്കാളികളാകുന്നവരാണ് കരാറുകാർ. സർക്കാരിന് അവരെയും അവർക്ക് സർക്കാരിനെയും ആശ്രയിക്കാൻ പറ്റുന്ന നില വരണം. നാടിനെ കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്രസർക്കാർ നിലപാടിന് ബദൽ സൃഷ്ടിച്ചുകൊണ്ടാണ് കേരളം മുന്നേറുന്നത്. വൻ ലാഭമുള്ള എൽഐസിയെ പോലും കേന്ദ്രം കൈയൊഴിയുകയാണ്. സാധാരണ ജനങ്ങൾ തഴയപ്പെടുന്നു. തൊഴിലില്ലായ്മ വർധിച്ചു.
ഇതിന് നേർ വിപരീതമാണ് കേരളാ മോഡൽ. എല്ലാ മേഖലയിലുള്ളവർക്കും മെച്ചപ്പെട്ട ജീവിത നിലവാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോയൊണ് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം. സർവതല സ്പർശിയായ നവീകരണത്തിൽ സർക്കാരിനൊപ്പം നിൽക്കേണ്ടവരാണ് കരാറുകാർ. ലോകത്തിലെ ഏറ്റവും വികസിതമായ നാടുകളുടെ പട്ടികയിൽ കേരളവും ഉൾപ്പെടുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പിബിസിഎ സംസ്ഥാന പ്രസിഡന്റ് സി കെ വേലായുധൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മത്തായി ചാക്കോ, ജനറൽ സെക്രട്ടറി കെ പ്രദീപൻ, ട്രഷറർ എം എസ് ഷാജി, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ്, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, സ്വാഗതസംഘം ചെയർമാൻ ടി ആർ രഘുനാഥൻ എന്നിവർ സംസാരിച്ചു. കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ്, ഗ്രൂപ്പ് ചർച്ച, പൊതുചർച്ച എന്നിവ നടന്നു. തിങ്കളാഴ്ച പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.