കൊച്ചി
ധർമജൻ ബോൾഗാട്ടിക്കെതിരെ പരാതിയുമായി മീൻ മൊത്തക്കച്ചവടക്കാരും രംഗത്ത്. ഫിഷ് വെണ്ടേഴ്സ്, ധർമൂസ് ഫിഷ് ഹബ്ബുമായി മൊത്തക്കച്ചവടം നടത്തിയ മീൻ വിൽപ്പനക്കാർ എന്നിവരാണ് പുതിയതായി രംഗത്തെത്തിയത്. മീൻ നൽകിയവർക്കെല്ലാം ധർമൂസ് ഫിഷ് ഹബ്ബിന്റെ പേരിലുള്ള ചെക്കാണ് നൽകിയത്. ചെക്കുകൾ ബാങ്കിൽനിന്ന് മടങ്ങിയപ്പോഴാണ് പറ്റിക്കപ്പെട്ടതായി ഇവർക്ക് ബോധ്യമായത്.
ധർമൂസ് ഫിഷ് ഹബ്ബിന്റെ പേരിൽ ധർമജൻ ബോൾഗാട്ടി പണം തട്ടിയെന്ന പരാതിയുമായി ആദ്യം രംഗത്തുവന്നത് മൂവാറ്റുപുഴ പായപ്ര പുതുക്കാട്ടിൽ ആസിഫ് അലിയാരാണ്. പിന്നീട് ധർമൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി എടുത്ത് തട്ടിപ്പിനിരയായ 17 പേർകൂടി കേസിൽ കക്ഷിചേരാൻ സന്നദ്ധത പ്രകടിപ്പിച്ചു. തൊടുപുഴയിൽനിന്ന് ഫ്രാഞ്ചൈസി എടുത്ത ഒരാൾകൂടി ഞായറാഴ്ച പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. 24 പേരാണ് പരാതിക്കാർ.
വഞ്ചനാക്കേസിൽ കൂടുതൽ വിവരം ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. പരാതിക്കാരനായ ആസിഫിനോട് തിങ്കളാഴ്ച സെൻട്രൽ സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞിട്ടുണ്ടെന്ന് സെൻട്രൽ എസ്എച്ച്ഒ എസ് വിജയശങ്കർ പറഞ്ഞു. എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് സെൻട്രൽ പൊലീസ് കേസെടുത്തത്.