കൊച്ചി
തൃക്കാക്കരയിൽ തമ്മിലടി ഒഴിവാക്കാൻ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച കോൺഗ്രസിന് തുടക്കത്തിൽതന്നെ കാലിടറുന്നു. ഉമ തോമസിന്റെ സ്ഥാനാർഥിത്വത്തിനും തീരുമാനിച്ച രീതിക്കും എതിരെ തുടർച്ചയായ രണ്ടാം ദിവസവും നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. നിലവിലെ നേതൃത്വത്തോട് ഒപ്പം നിൽക്കുന്നവരിൽ നിന്ന് പോലും എതിർപ്പ് ഉയർന്നത് നേതൃത്വത്തെ ഞെട്ടിച്ചു. ഈ എതിർപ്പ് മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരിലുടനീളമുണ്ട്. പലരും പരസ്യമായി പ്രതികരിക്കുന്നില്ലെന്ന് മാത്രം.
എഐസിസി അംഗമായ കെ വി തോമസ്, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തിമേരി വർഗീസ്, മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ എന്നിവരാണ് ബുധനാഴ്ച കെ സുധാകരനും വി ഡി സതീശനും അടക്കമുള്ള നേതാക്കളുടെ പ്രവർത്തന രീതിക്കെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞദിവസം യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷനും ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരനും സ്ഥാനാർഥിനിർണയത്തിനെതിരെ രംഗത്തുവന്നിരുന്നു. അന്തരിച്ച പി ടി തോമസിനോടുള്ള ബഹുമാനത്തിന്റെ പേരിൽ ആരും പ്രതികരിക്കില്ലെന്നായിരുന്നു ഇരുവരുടെയും കണക്ക് കൂട്ടൽ. അത് പൊളിഞ്ഞു
സ്ഥാനാർഥിനിർണയം സംബന്ധിച്ച് എഐസിസി അംഗമായ തന്നോട് സംസാരിച്ചിട്ടേയില്ലെന്നും യുഡിഎഫ് ജില്ലാ നേതൃയോഗം അറിയിച്ചില്ലെന്നും കെ വി തോമസ് രാവിലെ പറഞ്ഞു. മാത്രമല്ല, യുഡിഎഫ് ജില്ലാ ചെയർമാൻകൂടിയായ ഡൊമിനിക് പ്രസന്റേഷനോടോ കെ ബാബു എംഎൽഎയോടോ മണ്ഡലം ഭാരവാഹികളോടോ ചർച്ച ചെയ്തിട്ടില്ലെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
സ്ഥാനാർഥിനിർണയത്തെക്കുറിച്ച് തന്നോട് ആരും ആലോചിച്ചിട്ടില്ലെന്നും നേതൃത്വം ആരോടൊക്കെയാണ് ചർച്ച ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ദീപ്തി മേരി വർഗീസ് പൊട്ടിത്തെറിച്ചു. തനിക്ക് പറയാനുള്ളത് യോഗത്തിൽ പറയുമെന്നും പ്രതിപക്ഷനേതാവിന്റെ ഗ്രൂപ്പുകാരിയായ ദീപ്തി പറഞ്ഞു. സ്ഥാനാർഥിനിർണയത്തിനെതിരെ പ്രാദേശിക പ്രതിഷേധം മാത്രമാണുള്ളതെന്നും അതൊക്കെ നിയന്ത്രിക്കാൻ അറിയാമെന്നും വി ഡി സതീശൻ പറഞ്ഞ വേദിക്കരികിൽ നിന്നുതന്നെയാണ് മണ്ഡലത്തിലെ താമസക്കാരികൂടിയായ ദീപ്തി മേരി അതൃപ്തി അറിയിച്ചത്.
കോൺഗ്രസിൽ ഇപ്പോൾ സ്ഥാനാർഥിനിർണയത്തിന് കൂടിയാലോചന നടക്കാറില്ലെന്നും രണ്ടുപേർ തീരുമാനിച്ചിട്ട് എതിർപ്പ് പറയരുതെന്നു പറഞ്ഞാൽ അത് നടക്കില്ലെന്നും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിൽ പറഞ്ഞു. മണ്ഡലത്തിലെ കോൺഗ്രസ് ഭാരവാഹികളുമായി ആലോചിക്കാതെ പ്രഖ്യാപിച്ച ഉമ തോമസിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കില്ലെന്ന് മുൻ കൗൺസിലർ എം ബി മുരളീധരൻ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.
സ്ഥാനാർഥിനിർണയത്തിന് തൊട്ടുമുമ്പ് സ്ഥാനാർഥിനിർണയ രീതിക്കെതിരെ പ്രതികരിച്ച ഡൊമിനിക് പ്രസന്റേഷൻ, ഉമ്മൻചാണ്ടി ഫോണിൽ വിളിച്ചതിനെ തുടർന്ന് ബുധനാഴ്ച യുഡിഎഫ് നേതൃയോഗത്തിൽ പങ്കെടുത്തെങ്കിലും കടുത്ത അസംതൃപ്തിയിലാണ്. നേതൃത്വത്തിന്റെ അന്ത്യശാസനത്തെ തുടർന്ന് ദീപ്തിയും വൈകിട്ട് സ്ഥാനാർഥിയെ സന്ദർശിച്ചു.