തൃശൂർ
കുരങ്ങിന് പ്രസവവേദന വന്നാൽ എന്തുചെയ്യും… പ്രസവിക്കുക തന്നെ. എന്നാൽ, അൽപ്പം ‘കോംപ്ലിക്കേറ്റഡ്’ ആണെങ്കിലോ. കാട്ടിൽ ഒരു രക്ഷയുമില്ല. നാട്ടിൽ, ചോദിക്കാനും പറയാനും ആളുളളവയ്ക്ക് സൂപ്പർ സ്പെപെഷ്യാലിറ്റി ചികിത്സകിട്ടും, ഇങ്ങ് കേരളത്തിൽ. അങ്ങനൊന്നാണ് ചൊവ്വാഴ്ച മണ്ണുത്തി വെറ്ററിനറി കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നടന്നത്. പ്രസവവേദനയിൽ പുളയുന്ന തന്റെ വളർത്ത് കുരങ്ങുമായാണ് കുന്നംകുളം സ്വദേശി ഹിഷാം ഇവിടെ എത്തുന്നത്. അൾട്രാസൗണ്ട് സ്കാനിങ്ങില്, ഉള്ളിലുള്ള മൂന്നു കുട്ടികൾക്കും ജീവനില്ലെന്ന് കണ്ടെത്തി. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്മോസെറ്റ് ഇനത്തിലെ കുരങ്ങിന്റെ ജീവൻ അപകടത്തിലാകുമെന്ന് ഏറക്കുറേ വിധിയെഴുതി.

എന്നാലങ്ങനെ വിട്ടുകൊടുക്കാൻ അനിമൽ റീപ്രൊഡക്ഷൻ വിഭാഗം മേധാവി സി ജയകുമാറും സംഘവും തയ്യാറായില്ല. ഇത്തരം കുരങ്ങുകളിൽ അപൂർവമായി നടത്തുന്ന സിസേറിയൻ ചെയ്യാൻ തീരുമാനിച്ചു. ഐസേഫ്ലൂറേഷൻ ഗ്യാസ് ഉപയോഗിച്ച് അനസ്തേഷ്യ നൽകി. ശസ്ത്രക്രിയ ഒന്നര മണിക്കൂർ നീണ്ടു. മരിച്ച കുഞ്ഞുങ്ങളെ നീക്കം ചെയ്ത് പോക്കറ്റ് മങ്കിയുടെ ജീവൻ രക്ഷിച്ചു.
കേരളത്തിൽ ആദ്യമായി കുരങ്ങിലെ സിസേറിയൻ വിജയം. അസി. പ്രൊഫസർമാരായ ഹിരൺ എം ഹർഷൻ, മാഗ്നസ് പോൾ, ഡോക്ടർമാരായ ലക്ഷ്മി, സ്നേഹ, പിജി വിദ്യാർഥികളായ ഊർമിള, ആര്യ കൃഷ്ണൻ, സ്വാതീഷ്, എസ് രാഹുൽ റാം, വി സുന്ദർ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ലൈസൻസോടുകൂടി വീട്ടിൽ വളർത്താവുന്ന ഇനമാണ് പോക്കറ്റ് മങ്കി. വില രണ്ടുലക്ഷം രൂപ വരെ.















