ചിറ്റാർ
മരിച്ച റിട്ട. അധ്യാപികയുടെ സ്ഥിരനിക്ഷേപവും പലിശയും വ്യാജരേഖ ചമച്ച് ജില്ലാ ട്രഷറി, പെരുനാട് സബ് ട്രഷറി എന്നിവിടങ്ങളിലൂടെ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരനെ ക്രൈംബ്രാഞ്ച് പിടികൂടി. എന്ജിഒ അസോസിയേഷന് പത്തനംതിട്ട യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്ന പെരുനാട് സബ്ട്രഷറിയിലെ മുന് കാഷ്യര് ഈരാറ്റുപേട്ട സ്വദേശി സി ടി ഷഹീറിനെയാണ് ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില് പിടിച്ചത്. ഒളിവിലായിരുന്ന ഷഹീറിനെ പത്തനംതിട്ടയിലെ വീട്ടില്നിന്നാണ് പിടിച്ചത്. എന്ജിഒ അസോസിയേഷന് സംസ്ഥാന കൗണ്സില് അംഗവുമായിരുന്നു ഷഹീര്. ഇയാളെ വ്യാഴാഴ്ച കോടതിയില് ഹാജരാക്കുമെന്ന് ക്രൈബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.
ഓമല്ലൂര് സ്വദേശിനിയായ അധ്യാപികയുടെ സ്ഥിര നിക്ഷേപത്തിലെയും സേവിങ്സ് അക്കൗണ്ടിലെയും 8.13 ലക്ഷം രൂപയാണ് ഷഹീര് ആസൂത്രിതമായി തട്ടിയെടുത്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഷഹീറിനെ കൂടാതെ കോന്നി സബ് ട്രഷറി ഓഫീസര് രഞ്ചി കെ ജോണ്, ജില്ലാ ട്രഷറി ജൂനിയര് സൂപ്രണ്ട് കെ ജി ദേവരാജന്, ജൂനിയര് അക്കൗണ്ടന്റ് ആരോമല് അശോകന് എന്നിവരെ സസ്പെന്ഡ് ചെയ്തിരുന്നു.
സസ്പെന്ഷനിലായ മറ്റ് ജീവനക്കാരുടെ ട്രഷറി കോഡും പാസ്വേര്ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. രണ്ട് വര്ഷം നീണ്ട തട്ടിപ്പില് ഏഴുതവണ ചെക്ക് ഉപയോഗിച്ച് പണം മാറിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. പെരുനാട്ടിലെ ചെക്ക് മാത്രമാണ് ഷഹീര് നേരിട്ട് മാറിയത്. അപ്പോഴാണ് തട്ടിപ്പ് കണ്ടെത്തുന്നത്.
പെരുനാട് ട്രഷറി ഓഫീസര് പൊലീസില് പരാതി നല്കിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. മരിച്ച വ്യക്തിയുടെ മകന്റെ പേരില് വ്യാജരേഖയുണ്ടാക്കി ജില്ലാ ട്രഷറിയില് അനധികൃത അക്കൗണ്ട് തുടങ്ങി. ട്രഷറിയില് അധ്യാപികയ്ക്ക് നാല് സ്ഥിരനിക്ഷേപങ്ങളുണ്ടായിരുന്നു. ഒന്ന് കാലാവധി പൂര്ത്തിയാകും മുമ്പ് ക്ലോസ് ചെയ്ത് പണം അനധികൃത അക്കൗണ്ടിലേക്ക് മാറ്റി. മൂന്ന് സ്ഥിരനിക്ഷേപങ്ങളുടെ പലിശയും പിന്വലിച്ച് ഇതേ അക്കൗണ്ടിലാക്കി. ഈ തുക പിന്നീട് ഏഴ് തവണകളില് ചെക്ക് ഉപയോഗിച്ച് പിന്വലിച്ചു. മരിച്ച അധ്യാപികയുടെ മകളെ നോമിനിയാക്കിയാണ് പണം അപഹരിച്ചതെന്ന് പൊലിസ് പറഞ്ഞു. ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടപ്പോഴാണ് മകന് സംഭവം അറിയുന്നത്. കാണാതായ 38,000 രൂപയുടെ ചെക്ക് പെരുനാട് സബ് ട്രഷറിയില് ഇയാള് ഉപയോഗിച്ച കംപ്യൂട്ടറില്നിന്നാണ് കണ്ടെത്തിയത്.