ചാലക്കുടി
അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഊർജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ജനങ്ങൾ തയ്യാറാകണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പൊരിങ്ങൽക്കുത്ത് ഡാമിൽ പുതുതായി ആരംഭിച്ച 24മെഗാ വാട്സ് ചെറുകിട വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഴക്കാലത്ത് പാഴായിപ്പോകുന്ന വെള്ളം പ്രയോജനപ്പെടുത്തി ഇത്തരം പദ്ധതികളാണ് ബോർഡ് ഇപ്പോൾ നടപ്പാക്കുന്നത്. 3,000 ടിഎംസി വെള്ളം കേരളത്തിൽ പ്രതിവർഷം പാഴായിപ്പോകുന്നുണ്ട്. പുതിയ വൈദ്യുത പദ്ധതികളെ കണ്ണുംപൂട്ടി എതിർക്കുന്നത് ഒരു പ്രവണതയായി മാറുകയാണെന്നും മന്ത്രി പറഞ്ഞു. പവർ ഹൗസ് പരിസരത്ത് ചേർന്ന യോഗത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് , അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിജേഷ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി ജോസ്, മുൻ എംഎൽഎ ബി ഡി ദേവസി, ജോസ് ജെ പൈനാടത്ത്, ജോൺ നെടുവേലിക്കുടി, ജോർജ് ഐനിക്കൽ, ഐ ഐ അബ്ദുൾ മജീദ്, സെബാസ്റ്റ്യൻ നെടുങ്ങാട് എന്നിവർ സംസാരിച്ചു. ജനറേഷൻ ഡയറക്ടർ സിനി ജോസ് തുടങ്ങിയവർ സംസാരിച്ചു. ബോർഡ് ചെയർമാൻ ഡോ. ബി അശോക് സ്വാഗതവും ജനറേഷൻ ഡയറക്ടർ സിജി ജോസ് നന്ദിയും പറഞ്ഞു.