തിരുവനന്തപുരം
മതവിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന് ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ വ്യാഴാഴ്ച ഹൈക്കോടതിയിൽ അപ്പീൽ നൽകും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും അപേക്ഷ നൽകും.
ജാമ്യത്തിലിറങ്ങിയ പി സി ജോർജ് പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി മാധ്യമങ്ങളോടു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഏപ്രിൽ 29ന് തിരുവനന്തപുരത്തു അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു ജോർജിന്റെ വർഗീയ പ്രസംഗം. ഞായർ പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത ജോർജിനെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിക്ക് അന്നുതന്നെ ജാമ്യം നൽകി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 437(ഐ) വകുപ്പിലെ നാലാമത് വ്യവസ്ഥയനുസരിച്ച് പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാനുള്ള അധികാരം കോടതിക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. എന്നാല്, വിവാദമായ കേസിൽ പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം അനുവദിക്കരുതെന്ന സുപ്രീംകോടതിയുടെ ആഭ്യന്തര സർക്കുലറിലെ നിർദേശത്തിന്റെ ലംഘനമാണ് കേസിൽ ഉണ്ടായതെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. ഇടക്കാല ജാമ്യം അനുവദിക്കാതെ പൂർണ ജാമ്യത്തിൽ വിട്ടതും ചോദ്യംചെയ്യും.