ദക്ഷിണേന്ത്യയിൽ ഓൺലൈൻ മേഖലയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യ–-സാധന വിതരണ തൊഴിലാളികൾ ജോലിചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ലക്ഷം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വിപണി അനുദിനം വളരുന്ന ദേശമായാണ് സ്വിഗിയും സൊമാറ്റോയും കേരളത്തെ അടയാളപ്പെടുത്തുന്നത്. അതിനാൽ വിപണിശൃംഖല വിപുലമാക്കാൻ ഇവരെല്ലാം ഇനിയും സജീവമാകും. കൂടുതൽപ്പേരെ ഡെലിവറി ഏജന്റുമാരാക്കാൻ വലവിരിക്കും. അപ്പോഴാണ് നിലവിലുള്ളവരുടെ പ്രശ്നം ചർച്ചയാകേണ്ടത്. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും യുവാക്കളാണ്. 30 വയസ്സിന് താഴെയുള്ളവർ. ഏറിയപങ്കും വിദ്യാർഥികൾ. പഠനത്തിനൊപ്പം തൊഴിൽ പരിചയിക്കാനെത്തിയവരുണ്ടിതിൽ.
മറ്റൊരു തൊഴിലില്ലാത്തതിനാൽ ഇതിൽവന്നുപെട്ടവർ 20 ശതമാനം വരും. സ്ത്രീ തൊഴിലാളികൾ അഞ്ചുശതമാനത്തിൽ താഴെ.
താൽക്കാലിക ജോലിയായതിനാൽ പരാതിയും ആവശ്യവും ഉന്നയിക്കാൻ മടിക്കുന്നവരാണ് ഭൂരിഭാഗവും. ഉള്ളപണി കളയണ്ട എന്ന് കരുതുന്ന നിസ്സഹായ ജീവിതങ്ങളുമുണ്ട്. വെയ്റ്റിങ് ചാർജ് നിഷേധം, തിരക്കേറിയ സമയത്ത് സർചാർജ് ഇവയെല്ലാം പിൻവലിച്ചിട്ടും കാര്യമായ എതിർക്കാനാളില്ല. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് ഈയടുത്ത് ചെറിയ പ്രതിഷേധങ്ങളുണ്ടായത്. സേവനദാതാവ് എന്ന് പറഞ്ഞ് തൊഴിലാളികളെ സംരക്ഷിക്കുന്നതിൽനിന്ന് മാറിനിൽക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോറംകാരെ നിയമത്തിന്റെ വഴിയിലേക്ക് നയിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകണം. ഗിഗ് തൊഴിലാളികളെക്കുറിച്ച് സമഗ്രപഠനവും വിലയിരുത്തലുംവേണം.
ഇതര സംസ്ഥാന തൊഴിലാളികളെയടക്കം അതിഥികളാക്കി തൊഴിലാളിക്ഷേമത്തിന് മാതൃക കാട്ടിയ നാടാണ് കേരളം. ക്ഷേമപദ്ധതികളുമായി എന്നും മുന്നേ നടക്കുന്ന നാട്ടിൽ കുറേക്കൂടി ശ്രദ്ധയും പരിഗണനയും ഈ വിഭാഗത്തിന് കിട്ടണം. തൊഴിൽകോഡുകളടക്കം റദ്ദാക്കി ദ്രോഹനടപടി തുടരുന്ന ദേശീയസാഹചര്യമാണ് ചൂഷണങ്ങൾക്ക് സഹായകമാകുന്നത്. എന്നാൽ കേരളീയമായ സവിശേഷത പരിശോധിച്ച് എന്ത് നടപടി എന്ന് തൊഴിൽവകുപ്പ് കാര്യക്ഷമമമായി പരിശോധിക്കണം.
ഗിഗ് തൊഴിലാളികൾക്കായി നിയമനിർമാണമെന്ന വാഗ്ദാനം കർണാടകത്തിൽ നിന്നടക്കം കേൾക്കുന്നുണ്ട്. അതിനും മുന്നെ ക്ഷേമാശ്വാസ നടപടിക്ക് തുടക്കമിടാനാകണം. ലോകത്തിന് മാതൃകയായ കേരളം ഓൺലൈൻമേഖലയുടെ ജീവനായ തൊഴിലാളികളുടെ ജീവിതം ഓഫ്ലൈനിലാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കണം. (അവസാനിച്ചു).