കോഴിക്കോട്
പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പഠനോപകരണങ്ങളുടെ വിലവർധന നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡിന്റെ ഇടപെടൽ. സംസ്ഥാനത്തുടനീളം സ്റ്റുഡന്റ്സ് മാർക്കറ്റുകൾ തുറന്ന് കുറഞ്ഞ വിലയ്ക്ക് കൺസ്യൂമർ ഫെഡ് പഠനോപകരണങ്ങൾ ലഭ്യമാക്കും. സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച കോട്ടയം കുമരനല്ലൂർ നഗരസഭ കമ്യൂണിറ്റി ഹാളിൽ മന്ത്രി വി എൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ആദ്യ വിൽപ്പന നടത്തും.
കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ കൺസ്യൂമർ ഫെഡിന്റെ തനത് ഉൽപ്പന്നമായ ത്രിവേണി നോട്ട് ബുക്കുകൾക്കുപുറമെ വിവിധ കമ്പനികളുടെ കുടകൾ, പേന, പെൻസിൽ, ബാഗുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, ടിഫിൻ ബോക്സുകൾ, റെയിൻ കോട്ടുകൾ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും 20 ശതമാനം മുതൽ 40 ശതമാനംവരെ വിലക്കുറവിൽ വിൽപ്പന നടത്തുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്, മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ എന്നിവർ അറിയിച്ചു.
തിരുവനന്തപുരം 50, കൊല്ലം 45, പത്തനംതിട്ട 30, ആലപ്പുഴ 45, കോട്ടയം 40, ഇടുക്കി 15, എറണാകുളം 50, തൃശൂർ 35, പാലക്കാട് 25, മലപ്പുറം 35, കോഴിക്കോട് 45, വയനാട് 15, കണ്ണൂർ 40, കാസർകോട് 30 മാർക്കറ്റുകൾ വീതം പ്രവർത്തിക്കും.