മാഡ്രിഡ്
വിയ്യാറയലിന്റെ വെല്ലുവിളി അതിജീവിച്ച് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫെെനലിൽ. രണ്ടാംപാദ സെമിയിൽ 3–2നാണ് ലിവർപൂളിന്റെ ജയം. ഇരുപാദങ്ങളിലുമായി 5–3ന്റെ മുൻതൂക്കം. ആദ്യപാദത്തിൽ രണ്ട് ഗോൾ ജയംനേടിയ ലിവർപൂളിന് രണ്ടാംപാദത്തിൽ വിയ്യാറയൽ കനത്ത തിരിച്ചടിയാണ് നൽകിയത്. കളി തുടങ്ങി മൂന്നു മിനിറ്റ് തികയുംമുമ്പ് ലിവർപൂൾ വലയിൽ പന്തെത്തി. ആദ്യപകുതി കഴിയുമ്പോൾ രണ്ട് ഗോളിനുപിന്നിൽ. എന്നാൽ, ഇടവേള കഴിഞ്ഞ് യുർഗൻ ക്ലോപ്പ് കളി മാറ്റി. മൂന്ന് ഗോൾ തൊടുത്ത് തകർപ്പൻ ജയം സ്വന്തമാക്കി.
വിയ്യാറയലിനായി ബൗലയെ ഡിയയയും ഫ്രാൻസിസ് കോക്വെലിനുമാണ് ഗോളടിച്ചത്. ഇരുഗോളിനും എഷ്യന്നെ കപൗയെ അവസരമൊരുക്കി. അവസാനഘട്ടത്തിൽ രണ്ടു മഞ്ഞക്കാർഡ് വഴങ്ങി കപൗയെ പുറത്താകുകയും ചെയ്തു.
രണ്ട് ഗോൾ വഴങ്ങിയതോടെ ലിവർപൂൾ പതറി. രണ്ടാംപകുതിയിൽ ഫാബീന്യോയാണ് കളിഗതി ലിവർപൂളിന് അനുകൂലമാക്കിയത്. ഫാബീന്യോയുടെ ഷോട്ട് വിയ്യാറയൽ ഗോൾ കീപ്പർ ജെറോനിമോ റുള്ളിയുടെ പ്രതിരോധം മറികടന്ന് വലയിൽ കയറി. പിന്നാലെ ദ്യേഗോ ജോട്ടയെ പിൻവലിച്ച് ക്ലോപ്പ് ലൂയിസ് ഡയസിനെ ഇറക്കി.
ഡയസ് എത്തിയതോടെ ലിവർപൂളിന്റെ കളി മാറി. തകർപ്പൻ ഹെഡറിലൂടെ ഡയസ് ഒപ്പമെത്തിച്ചു. അവസാനഘട്ടത്തിൽ സാദിയോ മാനെ ജയം പൂർത്തിയാക്കി. സീസണിൽ നാലു കിരീടമാണ് ലിവർപൂളിന്റെ ലക്ഷ്യം. ഇംഗ്ലീഷ് ലീഗ് കപ്പ് സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിലും എഫ്എ കപ്പിലും ഫെെനലിൽ കടന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായി കടുത്ത പോരാട്ടത്തിലാണ്. ഒരു പോയിന്റ് വ്യത്യാസത്തിൽ രണ്ടാമത് നിൽക്കുന്നു.